യുഎസിലെ ടെക്സസിൽ വാഹനാപകടത്തിൽ യുവതിയടക്കം 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരണപ്പെട്ടത്. നാലു പേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. (Massive car accident in Texas, US; A tragic end for 4 Indians including a young woman)
വെള്ളിയാഴ്ച അർക്കൻസാസിലെ ബെന്റൺവില്ലിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ ആഘാതത്തിൽ ഇവർ സഞ്ചരിച്ച കാറിന് തീപിടിച്ചു.
‘കാർ പൂളിങ് ആപ്പ്’ വഴി ഒരുമിച്ചാണ് ഇവർ യാത്ര ചെയ്തത് എന്നാണ് കരുതുന്നത്. ഡള്ളാസ്സിൽ ബന്ധുവീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ആര്യനും സുഹൃത്ത് ഫാറുഖും. ഭാര്യയെ കാണാനായുള്ള യാത്രയിലായിരുന്നു ലോകേഷ്. അമ്മാവനെ കാണാനായി പോവുകയായിരുന്നു വിദ്യാർഥിയായ ദർശിനി വാസുദേവൻ.
ആര്യനും ലോകേഷും ഹൈദരാബാദ് സ്വദേശികളാണ്. ദർശിനി തമിഴ്നാട് സ്വദേശിയാണ്. അമിതവേഗത്തിൽ വന്ന ട്രക്കാണ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിച്ചത്.
ഡിഎൻഎ പരിശോധനയ്ക്ക് ശേഷമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. വിരലടയാളം, പല്ലുകളുടെയും അസ്ഥികളുടെയും അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ആകെ 5 വാഹനങ്ങൾ അപകടത്തിൽ അകപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.