കുന്നംകുളം: കുന്നംകുളം പുതിയ ബസ് സ്റ്റാൻ്റിൽ നിന്നും കാണാതായ ബസ് കണ്ടെത്തി. കുന്നംകുളം ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. ബസിന്റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടു പോകുകയായിരുന്നു. രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്നാണ് ഇയാളുടെ മൊഴി.(The missing bus was found from Kunnamkulam New Bus Stand)
ഇന്ന് പുലർച്ചെ 4.10 നാണ് ബസ് മോഷണം പോയ വിവരം ഉടമ അറിയുന്നത്. പുതിയ ബസ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് എടുക്കാൻ എത്തിയപ്പോഴാണ് ബസ് കാണാതായത്. പുലർച്ചെ ബസ് ഉടമ ഷോണി തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിൽ മേഖലയിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിരുന്നു.
4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്. ബസ് ഓടിച്ചു പോയ ഇയാൾ ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.