തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്. തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിൽ കരമന പൊലീസ് കേസെടുത്തു.Another case against actor Jayasuriya
തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കരമന പൊലീസ് കേസ് തൊടുപുഴ പൊലീസിന് കൈമാറും.
2008-ൽ ബാലചന്ദ്ര മേനോൻ സംവിധാനംചെയ്ത ചിത്രത്തിന്റെ സെറ്റിൽ വച്ച് ജയസൂര്യ കടന്നുപിടിച്ചതായി ആരോപിച്ച് മറ്റൊരു നടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു ഭാഗം ചിത്രീകരിച്ചത് സെക്രട്ടേറിയറ്റിലായിരുന്നു.
ഇവിടെ നടന്ന ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യ മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
സെക്രട്ടേറിയറ്റിൽ നടന്ന സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരുടേയും മൊഴി കന്റോൺമെന്റ് പോലീസ് രേഖപ്പെടുത്തും.
സിനിമാ ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചെന്ന് കഴിഞ്ഞദിവസം നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു.
കന്റോൺമെന്റ് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സെക്രട്ടേറിയറ്റും പരിസരവും. പരാതി നൽകിയതിന് പിന്നാലെ നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ജയസൂര്യക്കെതിരെ സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജയസൂര്യക്കെതിരായ പീഡനക്കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കും.