പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം.Cyber fraud also in the name of chief justice Chandrachudan
കൈലാഷ് മേഘ്‌വാൾ എന്ന വ്യക്തിയാണ് തനിക്ക് സന്ദേശം ലഭിച്ച കാര്യം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചത്. 25-ന് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു. പോസ്റ്റ് വൈറൽ ആയതോടെ സംഭവം ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിലും പെട്ടു.
ചീഫ് ജസ്റ്റിസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി രജിസ്ട്രാർ ജനറൽ ഡൽഹി പോലീസിലെ സൈബർ സെല്ലിന് പരാതി നൽകി.
സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ പണം തിരികെ നൽകാം- ഇതായിരുന്നു സന്ദേശം.
തൊട്ട് പിന്നാലെ സെന്റ് ഫ്രം ഐ പാഡ് എന്ന സന്ദേശവും അയച്ചു. മേഘ്‌വാൾ ഈ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് എക്സിൽ പങ്ക് വച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.