കോട്ടയം: സംസ്ഥാനത്ത് ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ട്രാക്കുകളിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് വൈകിയത്.(Heavy Rain and Winds in kerala; Delay Trains)
ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതിനെ തുടർന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പാലരുവി എക്‌സ്പ്രസാണ് ഓച്ചിറയിൽ പിടിച്ചിട്ടിരുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം – ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിട്ടിരുന്നു. നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊല്ലം ജംക്‌ഷനിലും പിടിച്ചിട്ടു.
കനത്ത മഴയിലും കാറ്റിലും നിരവധി ജില്ലകളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. എം സി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ശക്തമായ മഴയിൽ റോഡുകളിലേക്ക് വെള്ളം കയറി. തിരുവനന്തപുരത്ത് പൊന്മുടി–വിതുര റോഡിൽ മരം വീണു. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി.
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.