പാലക്കാട്: ബസ് കാത്തുനിൽക്കുന്നതിനിടെ തളർന്നു വീണ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കൂറ്റനാട് അൽ അമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് സിയാൻ(15) ആണ് മരിച്ചത്. പാലക്കാട് കൂറ്റനാട് റോഡിൽ വെള്ളിയാഴ്ച വൈകിട്ട് നാലു മണിയ്ക്കാണ് സംഭവം.(student died while undergoing treatment)
തളർന്ന് വീണ വിദ്യാർത്ഥിയെ കൂടെയുണ്ടായിരുന്ന സഹപാഠിയും അധ്യാപികയും മറ്റുള്ളവരും ചേർന്ന് ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ10 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കറുകപുത്തൂർ ഇഞ്ചീരിവളപ്പിൽ ലത്തീഫിന്റെയും റെജിലയുടെയും മകനാണ്. സഹോദരങ്ങൾ: റാഷിഫ് മിഥിലാജ്, മുഹമ്മദ് ദിനൂസ്. കബറടക്കം ഇന്ന് രാവിലെ കറുകപുത്തൂർ ജുമാ മസ്ജിദിൽ നടന്നു.