തിരുവനന്തപുരം: കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വ്രമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കനത്തമഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകി. Meteorological department says heavy rain is likely again in Kerala
മലയോര ജില്ലകളിലടക്കം മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ മഴയാണ് എല്ലാ ജില്ലകളിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെയും (12/08/2024) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ചയും (13/08/2024) ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
പതിനാലാം തീയതിവരെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് റിപ്പോർട്ട്. വരും മണിക്കൂറിൽ എറണാകുളം, കണ്ണൂർ, കാസർകോട്, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ബുധനാഴ്ചവരെ (14.08.2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ ബുധനാഴ്ചവരെ (14.08.2024) തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.