പാരിസ്: മലയാളികളുടെ അഭിമാനവും ഇതിഹാസ താരവുമായ പിആര്‍ ശ്രീജേഷിനു വേണ്ടി സഹ താരങ്ങള്‍ അതു സാധ്യമാക്കി. India retain bronze in men’s hockey at Olympics
ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്.
ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്.
കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്.
30, 33 മിനിറ്റുകളിലാണ് ക്യാപ്റ്റന്റെ നിര്‍ണായക ഗോളുകള്‍. മാര്‍ക്ക് മിരാലസാണ് സ്പെയിനിന്‍റ ഏക ഗോളിനു അവകാശി.
ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച പിആര്‍ ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടമായിരുന്നു ഇത്.
വെങ്കല നേട്ടത്തോടെ മഹത്തായ ഒരു കായിക യാത്രയ്ക്ക് സമ്മോഹന വിരാമം. രണ്ട് ഒളിംപിക്സ് മെഡലുകളുമായാണ് മുന്‍ നായകന്‍ വിരമിക്കുന്നത്.
ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഹോക്കിയിലെ ആകെ മെഡല്‍ നേട്ടം 13 ആയി. എട്ട് സ്വരണം, ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് പുരുഷ ഹോക്കിയില്‍ ഒളിംപിക്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്.