കണ്ണൂര്‍: വിവാഹഘോഷത്തിനിടെ വാഹനങ്ങളില്‍ അപകടകരമായ രീതിയിൽ യാത്രചെയ്ത യുവാക്കള്‍ അറസ്റ്റിൽ. കണ്ണൂര്‍ ഒളവിലം മത്തിപ്പറമ്പിലാണ് സംഭവം. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ ഇരുന്നു യാത്ര ചെയ്തവരാണ് പിടിയിലായത്.(The youth who traveled by sitting on the door of the car were arrested)
കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19), പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ (20), കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെയും പൊലീസ് അന്വേഷിച്ചുവരികയാണ്.
വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. സിസിടിവി കാമറയിലെ ദൃശ്യങ്ങളുടെ സഹായത്തോടെ ചൊക്ളി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍എസ്. രഞ്ജു ആണ് ഇവരെ പിടികൂടിയത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവരെ കൂടാതെ മറ്റൊരു വിവാഹ പാര്‍ട്ടിയുടെ വിഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് കാമറാമാന്‍ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്ളി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇര്‍ഫാന്‍ ഹബീബ് (32) എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.