മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിനുള്ളിൽ മരത്തിൽ ഇരുമ്പ് ചങ്ങല കൊണ്ട് കെട്ടിയ നിലയിൽ 50 കാരിയായ അമേരിക്കൻ സ്ത്രീയെ കണ്ടെത്തി. (The woman was found tied up in the forest for days)
ഇക്കഴിഞ്ഞ ജൂലൈ 27 ന്ആണ് സംഭവം. കാട്ടിനുള്ളിൽ ആടുമേയ്ക്കാൻ പോയ യുവാവാണ് ഇവരെ കണ്ടത്. ഇയാൾ ലോക്കൽ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തിയാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
മൂന്ന് പൂട്ടുകളും ഇരുമ്പ് ചങ്ങലകളും കൊണ്ടുവന്ന് പൂട്ടും ചങ്ങലയും ഉപയോഗിച്ച് തീരദേശ ജില്ലയിലെ സോനുർലി ഗ്രാമത്തിന് സമീപമുള്ള വനത്തിലെ മരത്തിൽ ഇവർ സ്വയം കെട്ടുകയായിരുന്നു എന്നാണ് സൂചന. മുംബൈയിൽ നിന്ന് 460 കിലോമീറ്റർ അകലെയാണ് ഈ വനമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി സംശയിക്കുന്നു. പോലീസ് എത്തിയപ്പോൾ താൻ സ്വയം ചങ്ങലയിട്ടതാണെന്നും സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നും പോലീസിനോട് പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു.
യുവതിയെ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്റർ അകലെ ഇരുമ്പ് ചെയിൻ പൂട്ടാൻ ഉപയോഗിച്ച ഒരു ജോടി താക്കോൽ പോലീസ് കണ്ടെടുത്തു. എത്ര ദിവസമായി ഇവരെ മരത്തിൽ കെട്ടിയിട്ട് എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
പ്രസ്താവനയിൽ, അമേരിക്കൻ യുവതി തനിക്ക് ഭർത്താവില്ലെന്ന് പോലീസിനോട് പറഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു.മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇവർ തൻ്റെ മുൻ ഭർത്താവ് തന്നെ മരത്തിൽ കെട്ടിയിരുന്നതായി ഇടയ്ക്ക് പറയുന്നുണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവരുടെ ബാഗിൽ നിന്ന് പോലീസ് ഒരു കുറിപ്പ് കണ്ടെടുത്തു, അതിൽ “മുൻ ഭർത്താവ്” തന്നെ മരത്തിൽ കെട്ടിയതായി രേഖപ്പെടുത്തിയിരുന്നു. കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ മുൻ ഭർത്താവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവരുടെ യുഎസ് പാസ്‌പോർട്ടിൻ്റെ ഫോട്ടോകോപ്പിയും തമിഴ്‌നാട് വിലാസമുള്ള ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇവരുടെ പക്കൽ നിന്ന് കാലാവധി കഴിഞ്ഞ വിസയുടെ പകർപ്പും കണ്ടെത്തി.
ഇവരെ രത്‌നഗിരിയിലെ റീജിയണൽ മെൻ്റൽ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ.
അന്വേഷണത്തിൽ, അമ്മ യുഎസിൽ താമസിക്കുന്നുണ്ടെന്ന് പോലീസിന് മനസ്സിലായെങ്കിലും ഇതുവരെ കുടുംബത്തിൽ നിന്ന് ആരും അവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.