ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനെ ആലപ്പുഴയിൽ നിന്നും പിടികൂടി. ഭീകരവിരുദ്ധ സ്ക്വാഡാണ് മൊയ്തീനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ബസിൽ സഞ്ചരിക്കവെയാണ് കബനീദളം വിഭാഗത്തിൻറെ നേതാവായ മൊയ്തീൻ പിടിയിലായത്.Maoist leader CP Moitin was arrested from Alappuzha
യുഎപിഎ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ് സി പി മൊയ്തീൻ. പൊലീസ് തിരിച്ചറിയിൽ നോട്ടീസ് പുറത്തിറക്കിയിരുന്നു. 2019ൽ ലക്കിടിയിൽ റിസോർട്ടിലെ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിൻറെ സഹോദരനാണ് പിടിയിലായ സി പി മൊയ്തീൻ.
തീവ്രവാദവിരുദ്ധസേനയുടെ നേതൃത്വത്തിൽ പത്തുദിവസത്തിനിടെ രണ്ടുമാവോവാദികൾ അറസ്റ്റിലായിരുന്നുകബനിദളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സി.പി. മൊയ്തീൻമാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇതോടെ സംസ്ഥാനത്തെ മാവോവാദി സായുധസേനാവിഭാഗം നാമാവശേഷമായി.
സി.പി. മൊയ്തീൻ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടർന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരമുണ്ട്. ഷൊർണൂരിൽനിന്ന് സോമനും, 18-ന് കൊച്ചിയിൽനിന്ന് മനോജും പിടിയിലായതിനാൽ കബനിദളത്തിലുണ്ടായിരുന്ന സന്തോഷ്, തമിഴ്നാട്ടിലെ കോയമ്പത്തൂരിൽത്തന്നെ ഒളിവിൽക്കഴിയുകയാണ്.
വയനാട്ടുകാരിയായ ജിഷയാണ് കേരളത്തിൽനിന്നുള്ള മറ്റൊരംഗം. ഇവർ കർണാടക വിരാജ്പേട്ട കേന്ദ്രീകരിച്ചുള്ള വിക്രംഗൗഡയുടെ സംഘത്തിലാണുള്ളത്.
കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായിത്തിരിഞ്ഞായിരുന്നു മുൻപ് മാവോവാദികളുടെ പ്രവർത്തനം. തീവ്രവാദവിരുദ്ധസേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെയാണ് മറ്റുദളങ്ങളുടെ പ്രവർത്തനം നിലച്ചത്.
ബാണാസുരദളം കബനിദളത്തോട് ചേർന്നുപ്രവർത്തിക്കുകയായിരുന്നു. ഇതിനിടെ കീഴടങ്ങൽ പുനരധിവാസത്തിന് മാവോവാദിപ്രവർത്തകനായിരുന്ന ലിജേഷും തയ്യാറായി. പലയിടത്തുനിന്നായി പിടിയിലായ മാവോവാദികളിൽനിന്നുള്ള വിവരങ്ങളും പോലീസിന് സഹായമായി.
കാപ്പിക്കളത്തും ചപ്പാരത്തും കണ്ണൂർ അയ്യൻകുന്നിലും പോലീസ്-തീവ്രവാദ വിരുദ്ധസേനയുമായി ഏറ്റുമുട്ടലുകൾ നടന്നതോടെ മാവോവാദികളിൽ ഒരുസംഘം കർണാടകയിലേക്ക് മാറി. പിന്നീട് സി.പി. മൊയ്തീന്റെ നേതൃത്വത്തിൽ നാലുപേർമാത്രമായിരുന്നു പേര്യ-ആറളം-കൊട്ടിയൂർ വനമേഖലകളിൽ.
മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയതോടെ നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേക്ക് മാവോവാദികൾ കടക്കുന്നു എന്നുതിരിച്ചറിഞ്ഞ തീവ്രവാദവിരുദ്ധസേന പരിശോധന കർശനമാക്കുകയായിരുന്നു. ഇതിനൊപ്പം ജനപിന്തുണ കുറഞ്ഞതും അതിതീവ്രമഴയും കൂടിയായതോടെ സംഘം വനമേഖല വിട്ടിറങ്ങുകയായിരുന്നു.
ജൂലായ് 17-ന് മാവോവാദികൾ കണ്ണൂർ അമ്പായത്തോടുനിന്ന് ഇരിട്ടിവഴി സഞ്ചരിച്ചതിന്റെ വിശദാംശങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടുപ്രവർത്തകരുടെ അറസ്റ്റ്.