നിലമ്പൂർ: കവളപ്പാറയുടെ കണ്ണീരോർമ മായുംമുമ്പേ പോത്തുകല്ല് വീണ്ടും ദുരന്തഭൂമികയായി. കിലോമീറ്ററുകൾക്കപ്പുറം ചാലിയാറിന്റെ ഉത്ഭവത്തിൽ വയനാട് മുണ്ടക്കൈയിലാണ് ഇത്തവണ ദുരന്തമെങ്കിലും ചങ്കുതകർക്കുന്ന ദൃശ്യങ്ങൾക്കാണ് പോത്തുകല്ലും തേക്കിൻനാടും ദൃക്സാക്ഷികളായത്. The gushing mountain water turned Chaliyar into Chavupuzha
പ്രകൃതിയുടെ താണ്ഡവത്തിൽ രൗദ്രഭാവവുമായെത്തിയ ചാലിയാർ കുഞ്ഞോമനയുടേത് ഉൾപ്പെടെ നിരവധി മൃതദേഹങ്ങളാണ് കൊണ്ടുവന്നത്.
പൂർണരൂപത്തിലുള്ള ഒരു ദേഹമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം ഉരുണ്ടുവന്ന പാറകളിൽ കുടുങ്ങിയും ഇടിച്ചും മുറിഞ്ഞ് വികൃതമായ നിലയിലാണ്.
കൈകാലുകളും ശിരസ്സുകളുമെല്ലാം പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏതെല്ലാം മേഖലയിലുള്ളവരാണ് ഒഴുക്കിൽപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടി കുത്തിയൊലിച്ച മലവെള്ളം ചാലിയാറിനെ ചാവുപുഴയാക്കി. പുഴയുടെ തീരത്തുനിന്ന് ചൊവ്വാഴ്ച കണ്ടെടുത്തത് 32 മൃതദേഹങ്ങളാണ്. കരയ്ക്കടിയാതെ ഒഴുകിപ്പോയവ അതിലേറെയുണ്ടാകുമെന്നാണ് കരുതുന്നത്. 25 ശരീര ഭാഗങ്ങളും കണ്ടെടുത്തു.
19 പുരുഷന്മാരുടെയും 11 സ്ത്രീകളുടെയും രണ്ട് ആൺകുട്ടികളുടെയും മൃതദേഹങ്ങളാണ് പുഴയിൽനിന്ന് കിട്ടിയത്. ഇതിൽ 26 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് ആറോടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടുന്നത്. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാർ ഉഗ്രരൂപിയായി. എല്ലാം തകർത്തുകൊണ്ടുള്ള ഒഴുക്കിൽ, ഒന്നുമറിയാതെ കിടന്നുറങ്ങിയവരെയെല്ലാം കോരിയെടുത്തു.
പുലർച്ചെ വെള്ളം അല്പം ഇറങ്ങിയപ്പോഴാണ് സംഭവത്തിന്റെ ഭയാനകത നാട്ടുകാർ അറിയുന്നത്.
ഭൂദാനം ഭാഗത്ത് ഒരു ചെറിയ കുട്ടിയുടെ മൃതദേഹഭാഗമാണ് കരയ്ക്കടിഞ്ഞതായി നാട്ടുകാർ ആദ്യം കണ്ടത്. അതോടെ അവർ തിരച്ചിൽതുടങ്ങി.
വാണിയമ്പുഴ പുഴയോരത്ത് ആറു മൃതദേഹഭാഗങ്ങൾ കണ്ടതായി അവിടുത്തെ ആദിവാസികൾ അറിയിച്ചു. പിന്നെ ഓരോരോ ഭാഗത്തുനിന്നായി മൃതദേഹഭാഗങ്ങൾ ലഭിക്കാൻ തുടങ്ങി. അതോടെ നാട്ടുകാർ പോലീസിനെയും മറ്റധികൃതരെയും അറിയിച്ചു.
അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരുമെല്ലാം കൈമെയ് മറന്നു നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങൾ കണ്ടെടുത്തത്.