കൊച്ചി: കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പോലീസിന് പിന്നാലെ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചു. എഫ്.ഐ.ആറിൻ്റെ അടിസ്ഥാനത്തിലും തുടർ നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു.(cinema shooting accident case; mvd to take action)
മുൻകൂട്ടി അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയത്. സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞദിവസം കൊച്ചി എം.ജി റോഡില്‍ വെച്ച് പുലര്‍ച്ചെ ഒന്നരയോടെ അപകടം നടന്നത്. അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.