മുവാറ്റുപുഴ : കോളേജിൽ നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാർത്ഥികൾ. Students staged a protest demanding a special place for praying in the college
മൂവാറ്റുപുഴ നിർമല കോളേജിലാണ് സംഭവം. ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥികളെ നിസ്‌കരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് കോളേജ് പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ചേർന്ന് മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവെച്ചു.
കഴിഞ്ഞ ദിവസം നാല് വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ നിസ്‌കരിച്ചിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോളേജിൽ പഠിക്കുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചെത്തിയ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ തടഞ്ഞുവെയ്ക്കുകയായിരുന്നു.
കോളേജിന് സമീപത്ത് തന്നെയുളള ഹോസ്റ്റലിൽ പോയി നിസ്‌കരിക്കാനും മസ്ജിദിൽ പോകാനും വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടെന്ന് അദ്ധ്യാപകർ വ്യക്തമാക്കി. എന്നാൽ കോളേജിൽ വെച്ചു തന്നെ നിസ്‌കരിക്കണം എന്നതാണ് വിദ്യാർത്ഥികളുടെ ആവശ്യം.
അതേ സമയം ക്ലാസ് മുറിയിൽ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിനുള്ളിൽ തന്നെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവത്തിൽ പ്രതികരിച്ച് നിർമല കോളജ് പ്രിൻസിപ്പൽ ഫാ. ഡോ കെവിൻ കെ. കുര്യാക്കോസ് രംഗത്തെത്തി. എംഎസ്എഫ്-എസ്എഫ്‌ഐ വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചു.
“നിസ്‌കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഒരു മതവിഭാഗത്തിന് മാത്രമായി അങ്ങനെ ഒരിടം നൽകാൻ സാധിക്കില്ലായെന്ന് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഒരുകൂട്ടം വിദ്യാർത്ഥികളെത്തി പ്രതിഷേധിച്ചത്”-ഫാ. ഡോ കെവിൻ കെ കുര്യാക്കോസ് പറഞ്ഞു.
കേരളത്തിൽ ഓട്ടോണമസ് പദവിയുള്ള പ്രമുഖ കോളേജുകളിൽ ഒന്നാണ് മൂവാറ്റുപുഴ നിർമല കോളേജ്. കോതമംഗലം രൂപതയുടെ കീഴിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം.
കോളേജിന് സമീപത്തുള്ള മസ്ജിദിൽ വെള്ളിയാഴ്ച നിസ്‌കരിക്കാൻ പോകുന്നതിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് തടസ്സമില്ല എന്നിരിക്കെയാണ് കോളേജിൽ തന്നെ നിസ്‌കരിക്കണം എന്ന പിടിവാശിയുമായി ഒരു കൂട്ടം വിദ്യാർത്ഥികൾ സമരവുമായി രംഗത്ത് വന്നത്.