കൊച്ചി: ഹൈക്കോടതി ജസ്റ്റിസിന്റെ വീടിന് മുന്നിൽ മാലിന്യം ഉപേക്ഷിച്ച രണ്ട് യുവാക്കളെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി, കാസർകോട് സ്വദേശികളായ ഷാഹുൽ, കാര്‍ത്തിക് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. കെ.ടി കോശി റോഡിൽ ജസ്റ്റിൽ അനിൽ കെ നരേന്ദ്രൻ്റെ വീടിന് മുന്നിൽ കണ്ടെത്തിയ മാലിന്യം നിറഞ്ഞ കവറുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും പിടിയിലായത്.(waste from the workplace was dumped in front of the High Court judge’s house; Two youths were arrested)
യുവാക്കൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാലിന്യമാണ് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ തള്ളാനായി പോയത്. എന്നാൽ ജസ്റ്റിസിൻ്റെ വീടിൻ്റെ മുന്നിലെത്തിയപ്പോൾ കൈയ്യിലുണ്ടായിരുന്ന 2 കവര്‍ മാലിന്യം താഴെ വീണു. യുവാക്കൾ ഇത് അവിടെ തന്നെ ഉപേക്ഷിച്ച് പോകുകയായിരുന്നു. രാവിലെ മാലിന്യ കവർ ശ്രദ്ധയിൽപെട്ട ഉടൻ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ വിവരം പൊലീസിനെ അറിയിച്ചു. പിന്നാലെ കൊച്ചി സെൻട്രൽ പൊലീസെത്തി മാലിന്യം നിറഞ്ഞ കവർ പരിശോധിച്ചു.
കവറിന്റെ അകത്തുണ്ടായിരുന്ന ബില്ലിൽ നിന്ന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് യുവാക്കളെ കണ്ടെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാക്കളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.