ന്യൂഡല്‍ഹി: മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പിഐബി. ”താങ്കളുടെ സാധനം ഇവിടെ ഗൗഡൗണില്‍ എത്തിയിട്ടുണ്ട്. രണ്ടുതവണ സാധനം അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപൂര്‍ണമായ വിലാസം കാരണം പരാജയപ്പെട്ടു. 48 മണിക്കൂറിനകം താങ്കളുടെ വിലാസവും വിവരങ്ങളും താഴെ പറയുന്ന ലിങ്കില്‍ ചേര്‍ക്കണം. ഇല്ലെങ്കില്‍ സാധനം തിരിച്ചയയ്ക്കുന്നതായിരിക്കും.” എന്നൊരു സന്ദേശം ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ ഫോണുകളില്‍ ലഭിച്ചെങ്കിൽ സൂക്ഷിക്കണമെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) അറിയിച്ചത്.(PIB Fact Check alerts that the India Post SMS is fake)
ഈ സന്ദേശം വ്യാജമാണെന്നും വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റ് ആര്‍ക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നില്ലെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം എക്‌സിലൂടെ അറിയിച്ചു. സന്ദേശത്തിനൊപ്പം നല്‍കിയിരിക്കുന്നത് വ്യാജ ലിങ്കാണെന്നും അതില്‍ ക്ലിക്ക് ചെയ്യരുതെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഈ തട്ടിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. BV-INDPOST എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ഈ മെസേജ് വ്യാപകമായി പ്രചരിക്കുന്നത്.
ധാരാളം ആളുകൾക്ക് ഇത്തരത്തിലുള്ള സന്ദേശം ടെക്സ്റ്റ് മെസേജ് ആയി ലഭിച്ചിട്ടുണ്ട്. indiaposgvs.top/in എന്ന വ്യാജ വെബ്‌സൈറ്റ് ലിങ്കാണ് മെസേജില്‍ ചേര്‍ത്തിട്ടുള്ളത്. മേല്‍പറഞ്ഞ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ഐ.ടി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലിങ്ക് വഴി വൈറസുകളും അപകടകാരികളായ സോഫ്റ്റ്‌വെയറുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരിക്കും രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക.
തുടർന്നും സമാനമായ മെസേജുകള്‍ ലഭിച്ചാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് സൈബര്‍ സെല്ലില്‍ വിവരം നല്‍കാം. അല്ലെങ്കില്‍ cybercrime.gov.in എന്ന സൈബര്‍ സെല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു പരാതി രേഖപ്പെടുത്തുകയും ചെയ്യാവുന്നതാണ്.
Read Also: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മുഖ്യ പ്രതി അറസ്റ്റിൽ