പട്ടാമ്പി: സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം. തന്നെ എതിർക്കുന്നവരെയെല്ലാം പുറത്താക്കി പാർട്ടിയെ നശിപ്പിക്കുകയാണ് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് എന്നാരോപിച്ച് സിപിഐയിൽ നിന്നു പുറത്താക്കപ്പെട്ട നേതാക്കൾ രംഗത്തെത്തി.Serious allegation against CPI Palakkad district secretary
സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളും പട്ടാമ്പി മണ്ഡലം സെക്രട്ടറിമാരുമായിരുന്ന കൊടിയിൽ രാമകൃഷ്ണൻ, പി.കെ.സുഭാഷ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയത്.
പട്ടാമ്പി നിയമസഭാ സീറ്റ് പെയ്മെന്റ് സീറ്റാക്കാൻ സിപിഐ ജില്ലാ കമ്മിറ്റി ശ്രമം ആരംഭിച്ചതായും ഇവർ ആരോപിക്കുന്നു. പട്ടാമ്പിയിൽ താൻ തോറ്റിടത്തു മുഹമ്മദ് മുഹസിൻ ജയിച്ചതോടെ ജില്ലാ സെക്രട്ടറി വിഭാഗീയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
മുഹമ്മദ് മുഹസിൻ എംഎൽഎയെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ഒപ്പം നിൽക്കുന്നവരെയല്ലാം ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു പുറത്താക്കി. എംഎൽഎ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണു വിരോധത്തിനു കാരണം.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും നിയമനത്തിനുമെല്ലാം പണം വാങ്ങുകയാണ്. സിപിഐ കളങ്കമില്ലാത്ത പാർട്ടിയായാണ് അറിയപ്പെട്ടിരുന്നതെന്നും ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.