പത്തനംതിട്ട: മന്ത്രി വീണ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉയർന്ന ഓട അലൈൻമെന്റ് തർക്കത്തിനിടെ നാടകീയ രംഗങ്ങൾ. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് അളന്നു. സമീപത്തെ കോൺഗ്രസ് ഓഫീസിന്റെയും മുൻവശം അളക്കാൻ നീക്കം നടത്തിയതോടെ എതിർപ്പുമായി കോൺഗ്രസ് പ്രവർത്തകർ എത്തി.
മന്ത്രിയുടെ ഭർത്താവിനെ അളക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ. റവന്യൂ അധികൃതർ മേഖലയിലെ പുറമ്പോക്കും റോഡും അളക്കുന്നതിനിടെ സമാന്തരമായി ജോർജ് ജോസഫ് റോഡ് അളക്കാനെത്തിയതോടെയാണ് കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്.
തങ്ങളുടെ ഓഫീസ് ഇരിക്കുന്ന ഭാഗത്തെ അളവെടുപ്പ തടസ്സപ്പെടുത്തി കോൺഗ്രസ് പ്രവർത്തകർ കൂടി വന്നതോടെ കൊടുമണ്ണിൽ നാടകീയ രംഗങ്ങൾ. തന്റെ വസ്തുവിന്റെ ഭാഗം അളന്നതിന് പിന്നാലെ കോൺഗ്രസിന്റെ ഓഫീസ് നിലനിൽക്കുന്ന ഭാഗം അളക്കാൻ എത്തിയപ്പോൾ ജോർജ്ജിനെ കോൺഗ്രസ് തടഞ്ഞു.
നേരത്തേ ജോർജ്ജ് ജോസഫിന് വേണ്ടി ഓടനിർമ്മാണം വളച്ചുകൊണ്ടുപോയി എന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് താനല്ല കോൺഗ്രസ് ആണ് റോഡ് കയ്യേറിയതെന്നാണ് ജോർജ്ജ് ജോസഫിന്റെ മറു ആരോപണവും ഉയർത്തി. ഇതിനെ തുടർന്നാണ് ജോർജ്ജ് ജോസഫ് തന്റെ ഭൂമി അളന്നു കാട്ടിയത്. ഇതിന് പിന്നാലെ സമീപത്തെ കോൺഗ്രസ് ഓഫീസിന് മുൻഭാഗം അളക്കാൻ ശ്രമിച്ചത് അവർ തടയുകയായിരുന്നു.
ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. താൻ പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്നും മന്ത്രിയുടെ ഭർത്താവ് എന്ന നിലയിൽ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നേരത്തേ ജോർജ്ജ് ജോസഫ് പറഞ്ഞിരുന്നു. റവന്യൂ അധികൃതർ അളക്കേണ്ടതിന് പകരം മന്ത്രിയുടെ ഭർത്താവ് അളക്കാൻ വന്നതാണ് തങ്ങൾ എതിർക്കുന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
മന്ത്രിയുടെ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസും ആയിരുന്നു നേരത്തേ ആരോപണം ഉന്നയിച്ചത്. തുടർന്ന് ജോർജ്ജ് ജോസഫ് കളക്ടർക്ക് അപേക്ഷ നൽകുകയും റവന്യൂ ഉദ്യോഗസ്ഥർ ഇവിടെയെത്തി അളവെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ ഭർത്താവും കൂട്ടരും ഇവിടെയെത്തി സ്വന്തം വസ്തു അളന്നത്. പിന്നാലെ കോൺഗ്രസ് ഓഫീസ് അളക്കാൻ ശ്രമിച്ചതാണ്എതിർപ്പിന് കാരണമായി മാറിയത്.