തിരുവനന്തപുരം: റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ സാങ്കേതിക തടസ്സം നേരിട്ടപ്പോൾ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച് കെ വാസുകി ഐഎഎസ്.K Vasuki IAS came to the stage and sang the national anthem
ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ലേബർ കമ്മിഷണറും നോർക്ക സെക്രട്ടറിയുമായ കെ.വാസുകിയും കൂട്ടരും ദേശീയ ഗാനം ആലപിച്ചത്. പരിപാടിയുടെ അവതാരകയും മറ്റുരണ്ടുപേരും വാസുകിക്കൊപ്പം ദേശീയ ഗാനം ആലപിക്കാൻ ഒപ്പം കൂടുകയായിരുന്നു.
നിയമസഭാ മന്ദിരത്തിലെ ഹാളിൽ ദേശീയഗാനത്തിനു വേദിയിൽനിന്ന് അറിയിപ്പുവന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധികളും മിനിറ്റുകളോളം എഴുന്നേറ്റുനിന്നു. എന്നാൽ, ദേശീയഗാനം കേട്ടില്ല.
റെക്കോഡുചെയ്ത ഗാനം കേൾപ്പിക്കാൻ തടസ്സമുണ്ടായതാണ് കാരണം. ഇതിനിടെ വാസുകി വേദിയിൽ കുതിച്ചെത്തി. ഗാനം കേൾപ്പിക്കാനാവില്ലെന്നുറപ്പായതോടെ വാസുകിയും പരിപാടിയുടെ അവതാരകയും മറ്റുരണ്ടുപേരും ചേർന്ന് ദേശീയഗാനം ആലപിച്ച് പ്രതിസന്ധി തീർത്തു.
കുവൈത്തിൽ മരിച്ചവർക്ക് നെടുമ്പാശ്ശേരിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും പോയിരുന്നതിനാൽ ലോക കേരളസഭയുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്നിലേക്കു മാറ്റിയിരുന്നു. എന്നാൽ മുക്കാൽമണിക്കൂറോളം വൈകിയാണ് തുടങ്ങിയത്.