കുവൈത്ത് തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ അടക്കമുള്ള ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനായി കാത്തിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്നവരിലും ഭൂരിക്ഷപക്ഷവും മലയാളികളാണെന്നും ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണെന്നും നോർക്ക വ്യക്തമാക്കി. (Kuwait Fire; Death toll rises, Norka says 24 Malayalis dead)
മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്ന് നോർക്ക സിഇഒ അജിത് കോളശേരി പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് സർക്കാർ പരമാവധി സഹകരണം നൽകുന്നുണ്ട്. ഒന്‍പത് ഇന്ത്യക്കാർ അത്യാസന്ന നിലയിൽ ആശുപത്രിയിലുണ്ട്. രണ്ട് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. മരിച്ച മലയാളികളിൽ 16 പേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.
തൊഴിലാളികളെ പാർപ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. തെക്കൻ കുവൈത്തിൽ അഹ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളികൾ പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്.