സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളുടെ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ സൗകര്യങ്ങൾ ഉള്ളപ്പോൾ ഇടുക്കി ജില്ലാ ആസ്ഥാനമായ ചെറുതോണിയിൽ ബസ് സ്റ്റാൻഡ് നിർമാണം അഞ്ചാം വർഷവും പൂർത്തിയായില്ല. 2018 ലെ പ്രളയത്തിൽ ഇടുക്കി ഡാം തുറന്നുവിട്ടതിനെ തുടർന്നുണ്ടായ കുത്തൊഴുക്കിലാണ് ചെറുതോണി ബസ് സ്റ്റാൻഡ് ഒലിച്ചു പോയത്. (Kerala has a district headquarters with no bus stand of its own)
ഇതോടെ ജില്ലാ ആസ്ഥാനത്ത് എത്തുന്നവരും ചെറുതോണി ടൗണിലെത്തുന്നവരും ബുദ്ധിമുട്ടിലായി. ചെറുതോണി ടൗണിൽ ബസുകൾ നിർത്തിയിടാൻ വേണ്ട സ്ഥലമില്ലാത്തതിനാൽ പുതിയ പാലത്തിലാണ് ബസുകൾ നിർത്തിയിടുന്നത് നിരോധനം ലംഘിച്ചാണ്. പാലത്തിന്റെ ഇരുവശവും ബസ് നിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകും.
കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനാൽ നാട്ടുകാർ ഇടപെട്ട് കമ്പും പടുതയും ഉപയോഗിച്ച് താത്കാലിക ഷെഡ് പാലത്തിൽ നിർമിച്ചിട്ടുണ്ട്. എന്നാൽ അധികം ആളുകൾക്ക് ഷെഡിൽ കയറി നിൽക്കാൻ കഴിയില്ല. കനത്ത മഴ പെയ്താൽ ഷെഡിന് ഉള്ളിൽ നിർക്കുന്നവരും നനയും. ഇതോടെ ടൗണിൽ ബസ് കാത്ത് നിൽക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ
ദുരിതത്തിലാണ്.
എം.എൽ.എ. യുടെ ഒരു കോടിയും ഇറിഗേഷൻ വകുപ്പിന്റെ ഒരു കോടിയും ചേർത്ത് ബസ് സ്റ്റാൻഡ് നിർമാണവും സംരക്ഷണ ഭിത്തി നിർമാണവും തുടങ്ങി. ഇതുകൂടാതെ ജില്ലാ പഞ്ചായത്ത് രണ്ടുകോടി മുടക്കി വ്യാപാര സമുച്ചയം നിർമിക്കാനും ആരംഭിച്ചു.
എന്നാൽ കരാറുകാർക്ക് പണം നല്കാതെ വന്നതോടെ നിർമാണങ്ങൾ പാതിവഴിയിൽ മുടങ്ങി.
ഇതോടെബസ് സ്റ്റാൻഡ് ഇല്ലാത്ത സംസ്ഥാനത്തെ ഏക ജില്ലാ ആസ്ഥാനമായി മാറിയിരിക്കുകയാണ് ചെറുതോണി.