വയനാട്: മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് ആക്രമണത്തിന് ഇരയായത്. കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സ്കൂളിൽ അച്ചടക്ക സമിതി ചേർന്നാണ് അഞ്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്.(Wayanad ragging case suspension for 5 students)
അതേസമയം, വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് നെഞ്ചിലും മുഖത്തും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ശബരീനാഥ് ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ എത്തിയാണ് പുറത്തെടുത്തത്. വിദ്യാർത്ഥിയെ ആദ്യം നായ്ക്കട്ടിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത് അധ്യാപകരാണ്. തുടർന്ന് ബന്ധുക്കളെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.