കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ കുതിപ്പ്. പച്ചമുളക്, തക്കാളി, പടവലം, ബീൻസ്, അമരപ്പയർ, കോളിഫ്ളവർ എന്നിവയ്ക്കെല്ലാം വില കുത്തനെ കൂടുകയാണ്. ഒരാഴ്ചകൊണ്ട് 10-50 രൂപയുടെ വർധനയാണ് പച്ചക്കറികളുടെ വിലയിലുണ്ടായത്.(Vegetable prices on fire, Competition between green chillies and tomatoes, the price of burnt carrots, beetroots and eggplants)
പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയർന്നത്. പച്ചമുളക് നീളന് കിലോയ്ക്ക് 140-150 രൂപയാണ് എറണാകുളത്തെ വില.
എന്നാൽ, ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. ഉണ്ട മുളകിന് 145-155 രൂപ വരെ വിലയുണ്ട്. തക്കാളിക്ക് കിലോയ്ക്ക് 80-100 രൂപയായി. ഒരാഴ്ചകൊണ്ട് 40 രൂപയാണ് കൂടിയത്.
ചില സൂപ്പർ/ഹൈപ്പർ മാർക്കറ്റുകളിൽ വില ഇതിലും കൂടുതലാണ്. ഇഞ്ചി വില 200 രൂപയിൽ തുടരുകയാണ്. ബീൻസിന് കിലോയ്ക്ക് 180 രൂപയിലാണ് വ്യാപാരം. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവയ്ക്ക് നേരിയ രീതിയിൽ വില വർധന പ്രകടമാണ്.
അയൽ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികൾ എത്തുന്നത്. വേനൽ ശക്തമായത് കൃഷിനാശത്തിന് കാരണമായി. ഒപ്പം, മഴ നേരത്തേ എത്തിയതും ഉത്പാദനത്തെ ബാധിച്ചു.
വിപണിയിൽ നിലവിലെ സ്ഥിതി തുടർന്നാൽ പച്ചക്കറി വിലയിൽ വലിയ കുതിപ്പ് പ്രകടമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, കാരറ്റ്, വെണ്ടയ്ക്ക, ഏത്തയ്ക്ക തുടങ്ങിയവയ്ക്ക് നേരിയ വിലയിടിവ് പ്രകടമാണ്.