കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവിങ് സീറ്റിലിരിക്കണമെന്ന ആഗ്രഹം ഇത്ര വലുതാണോ ? കേള്‍ക്കുന്നവർക്ക് ഇത് ചെറുതായിരിക്കാം. എന്നാൽ, ജീവിതത്തിന്‍റെ കയ്പുനിറഞ്ഞ പ്രതിസന്ധിക്കാലത്തെ യാത്രകളില്‍ ഊർജ്ജം പകർന്ന, സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച, കെ എസ് ആർ ടി സി ബസും ഡ്രൈവിങും ബർക്കത്ത് നിഷയ്ക്ക് പക്ഷെ അങ്ങനെയല്ല. (K B Ganeshkumar fulfilled the dream of an expatriate woman)
ചെറു പ്രായത്തില്‍ കൈവിട്ടുപോയ ജീവിതത്തിന്‍റെ സ്റ്റീയറിങ് തിരിച്ചുപിടിക്കാനുളള യാത്രയിൽ കെഎസ്ആർടിസി ബസുകളോട് ഇഷ്ടം തോന്നിയ ബർക്കത്ത് നിഷയുടെ വലിയ ആഗ്രഹമായിരുന്നു എപ്പോഴെങ്കിലും ആനവണ്ടിയുടെ വളയം പിടിക്കണം എന്നത്. ആ ആഗ്രഹം സഫലയമായതിന്‍റെ സന്തോഷത്തിലാണ് അവർ.
ദുബായില്‍ മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയിലാണ് ട്രക്ക് ഡ്രൈവറായി നിഷ ജോലി ചെയ്യുന്നത്. ഇപ്പോള്‍ പാലക്കാട് കൂറ്റനാടാണുളളത്. ബങ്കറിങ്ങാണ് ജോലി. കപ്പലുകളിലേക്ക് ഇന്ധനം നിറയ്ക്കുന്ന 60,000 ലിറ്റർ കപ്പാസിറ്റിയുളള 18 ചക്രങ്ങളുളള ട്രെക്കാണ് ഓടിക്കുന്നത്. ഇപ്പോൾ അവധിയിൽ നാട്ടിലുണ്ട്.
സർക്കാർ വകുപ്പുകളില്‍ വനിതകള്‍ക്ക് ഡ്രൈവർ ജോലിക്കായി പിഎസ് സി വഴി അപേക്ഷിക്കാന്‍ വഴിയൊരുക്കിയ യുവതിയാണ് ബർക്കത്ത് നിഷ. പിഎസ്സി വഴി വനിതകള്‍ക്ക് ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നുളള തിരിച്ചറിഞ്ഞപ്പോഴാണ് 2022 ല്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്. . 2023 ൽ പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ കേരളാ പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്കുളള പിഎസ് സി പരീക്ഷയെഴുതി ഇവർ യുഎഇയിലേക്ക് തിരികെയെത്തി. റാസല്‍ ഖൈമയില്‍ പ്രവർത്തിക്കുന്ന ചേതന സാംസ്കാരിക വേദിയുടെ 2023 ലെ വനിതാ പുരസ്കാരം ഏറ്റുവാങ്ങുന്ന വേദിയില്‍ വച്ചാണ് കേരള നോളജ് എക്കണോമി മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ പി എസ് ശ്രീകലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടയില്‍ തന്‍റെ വലിയ ആഗ്രഹം പങ്കുവച്ചു. ഡ്രൈവറാകാന്‍ പ്രചോചദനമായ ആനവണ്ടിയുടെ വളയം പിടിക്കണം.
കെഎസ്ആർടിസി ഡ്രൈവിങ് സീറ്റിലിരുന്നൊരു ഫോട്ടോയെടുക്കാന്‍ അനുവദിക്കണെന്ന് കാണിച്ച് മന്ത്രി കെബി ഗണേഷ് കുമാറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നുളള കാര്യം പി എസ് ശ്രീകലയുമായി പങ്കുവച്ചു. നമുക്ക് നോക്കാമെന്ന ഉറപ്പില്‍ കാത്തിരുന്നു.തൃശൂർ ഡിപ്പോയിലെത്തി ഫോട്ടോയെടുത്തോളൂവെന്ന ഗതാഗതമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ കുമാറിന്‍റെ സന്ദേശം ഒടുവിൽ നിഷയെത്തേടിയെത്തി.
ജൂണ്‍ മൂന്നാം തീയതി തൃശൂർ ഡിപ്പോയിലെത്തി. അവിടെയുണ്ടായിരുന്ന എടിഒ ഉബൈദ്, എൻജിനീയർ സജ്ഞയ്, ഇന്‍സ്പെക്ടർ രാജ്മോഹന്‍ തുടങ്ങിയവർ പൂർണ പിന്തുണനല്‍കി. കെഎസ്ആർടിസിയുടെ ഡ്രൈവർ സീറ്റിലിരുന്ന് ആഗ്രഹം സഫലീകരിച്ചു. ഇഷ്ടം പോലെ ഫോട്ടോയുമെടുത്തു. ആഗ്രഹത്തിനൊപ്പം നിന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് ഹൃദയം നിറഞ്ഞ് നന്ദി അറിയിക്കുകയാണ് നിഷ.
2024 ഏപ്രിലില്‍ നടന്ന പിഎസ്സി പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ട് നിഷ. പരീക്ഷ എളുപ്പമായിരുന്നില്ല, ജോലി കിട്ടുമോയെന്ന് ഉറപ്പുമില്ല. അതുകൊണ്ട് തല്‍ക്കാലം പ്രവാസിയായിത്തന്നെ തുടരാനാണ് നിഷ തീരുമാനിച്ചിരിക്കുന്നത്.