മോശം കാലാവസ്ഥയെത്തുടർന്ന്, ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ സഹസ്ത്ര തടാകത്തിൽ ട്രക്കിങ്ങിന് പോയ 22 അംഗ സംഘത്തിലെ മലയാളിയുൾപ്പെടെ ഒൻപതുപേർ മരിച്ചു. തിരുവനന്തപുരം സ്വദേശിനി ആശാ സുധാകർ (ആർ.എം. ആശാവതി-71), ബെംഗളൂരു സ്വദേശികളായ സിന്ധു വകെകാലം (45), സുജാത മുംഗുർവാഡി (51), വിനായക് മുംഗുർവാഡി (54), ചിത്ര പ്രണീത് (48), പത്മനാഭ കുന്താപുർ കൃഷ്ണമൂർത്തി , വെങ്കടേശ പ്രസാദ്, അനിത രംഗപ്പ, പത്മിനി ഹെഗ്ഡെ എന്നിവരാണ് മരിച്ചത്. (Nine people died including a Malayali who went trekking in Uttarkashi)
ഉത്തരകാശിയിലെ ദ ഹിമാലയൻ വ്യൂ ട്രെക്കിങ് ഏജൻസി വഴിയാണ് സംഘം 4400 മീറ്റർ ഉയരത്തിലുള്ള തടാകത്തിൽ ട്രക്കിങ്ങിന് പോയത്. കർണാടക മൗണ്ടനീറിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ബെംഗളൂരുവിൽനിന്ന് 18 പേരും ഒരു മഹാരാഷ്ട്ര സ്വദേശിനിയും മൂന്ന് ലോക്കൽ ഗൈഡുമാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
എസ്.ബി.ഐ. സീനിയർ മാനേജരായി വിരമിച്ച ആശ ബെംഗളൂരു ജക്കൂരിലായിരുന്നു താമസം. ആശയുടെ ഭർത്താവ് എസ്. സുധാകർ ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി. ആശയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തിക്കും. മകൻ: തേജസ്. മരുമകൾ: ഗായത്രി.
മേയ് 29-നാണ് 19 അംഗസംഘവും മൂന്നു ഗൈഡുമാരും ട്രക്കിങ്ങിന് പുറപ്പെട്ടത്. ഈമാസം ഏഴിനാണ് സംഘം തിരിച്ചെത്തേണ്ടിയിരുന്നത്. തിങ്കളാഴ്ച തിരിച്ചിറങ്ങിവരുന്നതിനിടെ മോശം കാലാവസ്ഥ കാരണം യാത്ര തടസ്സപ്പെട്ടു. മഴയും കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും മരണത്തിനിടയാക്കിയതായാണ് വിവരം.
രക്ഷപ്പെടുത്തിയവരിൽ എട്ടുപേരെ ദെഹ്‌റാദൂണിലേക്ക് വിമാനത്തിൽ അയച്ചു. ബെംഗളൂരു സ്വദേശികൾ ട്രക്കിങ്ങിനിടെ മരിച്ചസംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു. കുടുങ്ങിക്കിടക്കുന്നവരെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയും വ്യോമസേനയും സംയുക്തമായാണ് രക്ഷപ്പെടുത്തിയത്.