വോഡഫോൺ ഐഡിയയ്ക്ക്കൂടുതൽ തിരിച്ചടിയുമായി ടവർ കമ്പനിയായ ഇൻഡസ് ടവേഴ്‌സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകൾ വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കില്ലെന്നാണ് സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓൺ ഓഹരി വിൽപനയിലൂടെ അടുത്തിടെ വോഡഫോൺ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു.
ഇൻഡസ് ടവേഴ്‌സിൽ 48 ശതമാനം ഓഹരികളുള്ള ഭാരതി എയർടെല്ലാണ് മുഖ്യ ഓഹരി ഉടമകൾ. കമ്പനിയിൽ വോഡഫോൺ ഐഡിയയ്ക്ക് 5 ശതമാനത്തിൽ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുംവരെ ഇൻഡസ് ടവേഴ്‌സിന്റെ സേവനം വോഡഫോൺ ഐഡിയയ്ക്ക് കിട്ടില്ലെന്ന് മിത്തൽ പറഞ്ഞു. പ്രൊമോട്ടർമാരിൽ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വിൽപനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വോഡഫോൺ ഐഡിയ ആലോചിക്കുന്നുണ്ട്.
ഇൻഡസ് ടവേഴ്‌സിന്റെ വരുമാനത്തിൽ 40 ശതമാനവും എത്തുന്നത് വോഡഫോൺ ഐഡിയയ്ക്ക് നൽകുന്ന സേവനങ്ങളിൽ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തിൽ കമ്പനിക്ക് വോഡഫോൺ ഐഡിയ വീട്ടാനുള്ള കുടിശിക. ഇത് തീർത്താലേ തുടർന്നും സേവനം ലഭ്യമാക്കൂ എന്നാണ് സുനിൽ മിത്തൽ നൽകിയ മുന്നറിയിപ്പ്.
Read Also: പ്രതിസന്ധി അയയുന്നില്ല; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി