യുകെയിൽ ഹാക്ക്നിയിലെ റസ്റ്ററന്റിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കവേ അക്രമിയുടെ വെടിയേറ്റു ഗുരുതര പരിക്കേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് കുട്ടി വിധേയയായിരുന്നു. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകൾ അനക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന എറണാകുളം പറവൂർ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയ (10) യാണ് മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോൾ ആക്രമിക്കപ്പെട്ടത്. അക്രമത്തിന് പിന്നിൽ ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റിൽ ഉണ്ടായിരുന്ന പെൺകുട്ടിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.