തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശിവകുമാർ പറഞ്ഞത് കേരളത്തിൽ ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
തന്നെയും കർണ്ണാടക സർക്കാരിനെയും താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മൃഗബലി നടത്തിയെന്നായിരുന്നു ശിവകുമാറിൻ്റെ ആരോപണം. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ശിവകുമാർ ആരോപിച്ചത്. കണ്ണൂരിലാണ് മൃഗബലി നടന്നതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് വിവരം.
അതേസമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും നശിപ്പിക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ യാഗങ്ങളും മൃഗബലികളും നടന്നെന്ന ആരോപണം രാജരാജേശ്വര ക്ഷേത്ര ദേവസ്വവും നിഷേധിച്ചു. അത്തരം പൂജ നടന്നുവെന്ന് ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ക്ഷേത്ര പരിസരത്തും ഇത്തരമൊരു യാഗം നടന്നതായി വിവരമില്ല. മൃഗബലിയോ മറ്റ് യാഗങ്ങളോ ക്ഷേത്ര പൂജയുടെ ഭാഗമല്ല. ബിജെപി നേതാവും കർണാടക മുൻമുഖ്യമന്ത്രി യെദ്യൂയൂരപ്പ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ നേതാക്കൾ ക്ഷേത്രത്തിൽ വരാറുണ്ട്. അതുകൊണ്ട് ഒരുപക്ഷേ തെറ്റിദ്ധാരണ ഉണ്ടായതാവാം എന്നും ടി ടി മാധവൻ പ്രതികരിച്ചു.
Read Also: വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം; പൊലീസിന് നോട്ടീസ് നൽകി ഹൈക്കോടതി
Read Also: മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ; ഇന്ത്യൻ ട്വന്റി 20 ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും