തിരുവനന്തപുരം: പോലീസിൽ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ തുടങ്ങി അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന അമ്പതിലേറെ ഉദ്യോഗസ്ഥരുണ്ടെന്നു റിപ്പോർട്ട്. വകുപ്പുതല അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇവരിൽ പത്തോളം പേർ ഡിവൈ.എസ്.പിമാരാണെന്നതാണ് മറ്റൊരു വിവരം. കൈക്കൂലി സമ്പാദ്യം വട്ടിപ്പലിശയ്ക്കു കൊടുക്കാൻ ഇവർക്ക് ഗുണ്ടാബന്ധമുള്ള അനുചരൻമാരുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കു രാഷ്ട്രീയപിൻബലമുള്ളതാണ് ഇവരെ തിരിച്ചറിഞ്ഞാലും നടപടിയെടുക്കാനുള്ള തടസം. അഴിമതിക്കു കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ കള്ളക്കേസുകളിൽ കുടുക്കാനും ഇത്തരക്കാർക്കു കഴിയുന്നു.
നിർദിഷ്ട വികസനപദ്ധതി മേഖലകൾ കേന്ദ്രീകരിച്ച് ഈ ഉദ്യോഗസ്ഥരിൽ പലരും റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതായും കണ്ടെത്തി. വിഴിഞ്ഞം തുറമുഖത്തിനു സമീപം ചില ഡിവൈ.എസ്.പിമാർ സ്ഥലം വാങ്ങിയിട്ടുണ്ട്. തലസ്ഥാനത്തെ പ്രമുഖ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് ഈ ഉദ്യോഗസ്ഥർക്കായി ഭൂമി വാങ്ങുന്നത്. വസ്തുത്തർക്കങ്ങളിലെ ഒത്തുതീർപ്പ് ഇത്തരം ഇടപാടുകൾക്കു മറയാക്കുന്നു. തലസ്ഥാനത്തെ ഒരു പ്രമുഖ നടന്റെ ഫാൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പൊന്നാടയുമായി കാപ്പാ കേസ് പ്രതിയും പങ്കെടുത്തു. ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാകട്ടെ തിരുവനന്തപുരം നഗരത്തിലെ ഗുണ്ടകളെ പിടികൂടാനുള്ള സ്‌ക്വാഡിന്റെ ചുമതലയുള്ള ഡിവൈ.എസ്.പിയും! എന്നാൽ, വിവരം മുൻകൂട്ടിയറിഞ്ഞ സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഇടപെട്ട് ഡിവൈ.എസ്.പിയെ ചടങ്ങിൽ പങ്കെടുക്കുന്നതിൽനിന്നു വിലക്കി.