കാസർഗോഡ് പത്തുവയസുകാരിയെ പീഡിപ്പിച്ചത് മോഷണത്തിന് കയറിയപ്പോഴാണെന്ന് പ്രതി സലീമിന്‍റെ മൊഴി. ഇന്നലെ ആന്ധ്രപ്രദേശില്‍ നിന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഇയാളെ ശനിയാഴ്ച രാത്രി ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളപ്പെടുത്തിയത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് നാപ്പോക് സ്വദേശി പിഎ സലീമിനെ ആന്ധ്രപ്രദേശിലെ അഡോണിയില്‍ നിന്നാണ് പിടികൂടിയത്. കുട്ടിയുടെ മുത്തശ്ശന്‍ പുലര്ച്ചെ മുന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ ഇറങ്ങുന്നത് കണ്ട് വീടിന് സമീപം ഒളിച്ചിരുന്നെന്നും പിന്നീട് വീടിനകത്തേക്ക് കയറുകയായിരുന്നുവെന്നുമാണ് സലീമിന്‍റെ മൊഴി. മോഷണമായിരുന്നു ലക്‌ഷ്യം. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതി എടുത്തു കൊണ്ട് പോകുകയായിരുന്നു.
ബഹളം വച്ച കുട്ടിയെ കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. തുടർന്ന് സംഭവസ്ഥലത്തു കുട്ടിയെ ഉപേക്ഷിച്ച് കടന്നു. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ ആദ്യ ഘട്ടത്തിൽ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, ആന്ധ്രാപ്രദേശില്‍ നിന്ന് ഇയാൾ മറ്റൊരാളുടെ ഫോണില്‍ ബന്ധുവിനെ വിളിച്ചതോടെയാണ് സ്ഥലം മനസിലായത്. ഉടന്‍ തന്നെ പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം വഴിയരികില്‍ കണ്ട ഒരാളുടെ ഫോണില്‍ നിന്ന് സലീം സുഹൃത്തിനെ വിളിച്ചതോടെ സ്ഥലം മനസ്സിലാക്കിയ പോലീസ് ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.