സംസ്ഥാനത്തെ ക്ഷേമപെൻഷന്റെ വിതരണം ബുധനാഴ്ച മുതൽ തുടങ്ങും. ഒരു മാസത്തെ ക്ഷേമ പെൻഷൻ ആണ് നൽകുന്നത്. പെൻഷൻ നൽകുന്നതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. നേരത്തെ വിഷു, ഈസ്റ്റർ കാലത്ത് മൂന്നു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക സർക്കാർ വിതരണം ചെയ്തിരുന്നു. ഇതിനുശേഷം പെൻഷൻ വിതരണം നടന്നിട്ടില്ല. അഞ്ചു മാസത്തെ ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേതാണ് ബുധനാഴ്ച മുതൽ നൽകുന്നത്. 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കളിൽ മാസ്റ്ററിങ് നടത്തിയ എല്ലാവർക്കും തുക ലഭിക്കും. ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും വീടുകളിൽ എത്തിക്കേണ്ടവർക്ക് സഹകരണ സംഘങ്ങൾ വഴിയുമാണ് പെൻഷൻ എത്തിക്കുക.