മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാന്‍ തുരങ്കത്തില്‍ നാല് മാസമായി ആവശ്യത്തിന് ശുദ്ധവായുവും വെളിച്ചവും അടിയന്തര രക്ഷാമാര്‍ഗവുമില്ലെന്ന് യാത്രക്കാരുടെ പരാതി. തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കം അടയ്ക്കുകയും ഇരുവശത്തേക്കുമുള്ള യാത്ര ഒരേ തുരങ്കത്തിലൂടെയാക്കുകയും ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തുരങ്കത്തിനകത്ത് മലിന വായു വലിച്ചെടുക്കുന്ന എക്സോസ്റ്റ് ഫാനുകള്‍ ഉണ്ടെങ്കിലും ഒരു ദിശയിലെ പൊടിപടലങ്ങള്‍ മാത്രം വലിച്ചെടുക്കുന്ന രീതിയിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത്. വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തുരങ്കത്തിനുള്ളിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപായി എല്ലാ വാഹനങ്ങളും ഹെഡ് ലൈറ്റ് ഓണാക്കണമെന്നു നിർദേശമുണ്ട്. വലിയവെളിച്ചത്തിൽ നിന്നു തുരങ്കത്തിനുള്ളിലേക്കു പ്രവേശിക്കുമ്പോൾ തുരങ്കത്തിൽ വെളിച്ചമില്ലാത്തത് വാഹനങ്ങൾക്ക് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി തുരങ്കത്തിനുള്ളിൽ വൈദ്യുതി തടസ്സമുണ്ടാകാറുണ്ടെന്നും യാത്രക്കാർ പറയുന്നുണ്ട്. വൈദ്യുതി തടസ്സപ്പെടുമ്പോൾ എക്സ്ഹോസ്റ്റ് ഫാനുകളും അന്തരീക്ഷത്തിലെ താപനില അളക്കുന്നതിനുള്ള സംവിധാനവും എൽഇഡി ബൾബിൽ സ്ഥാപിച്ചിട്ടുള്ള സൂചന ബോർഡുകളും പ്രവർത്തന രഹിതമാകും. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സത്തെത്തുടര്‍ന്നു തുരങ്കത്തിനുള്ളില്‍ ഇരുട്ടു പരന്നതു വലിയ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തുരങ്കത്തിനുള്ളില്‍ വാഹനങ്ങള്‍ കൂടുതല്‍ സമയം നിർത്തിയിടേണ്ടി വന്നാൽ യാത്രക്കാര്‍ക്ക് ശ്വാസതടസം അനുഭവപ്പെടുന്നതും പതിവാണ്.