സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്ത് ഫയർ ഫോഴ്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ ഘട്ടത്തിൽ 0471 2333101 എന്ന നമ്പറിൽ വിളിക്കാം. മഴ തുടരുന്നതിനിടെ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി മണിമലയാറ്റിലാണ് അതിഥി തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായത്. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാൻ ഇറങ്ങിയ 3 അതിഥി തൊഴിലാളികളാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ രണ്ട് പേര്‍ നീന്തിക്കയറിയെങ്കിലും മൂന്നാമൻ ബിഹാർ സ്വദേശി നരേഷിനെയാണ് (25) കാണാതായത്. ഇടുക്കിയിൽ മരം പൊട്ടി വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇടുക്കി നെടുങ്കണ്ടം പാറത്തോട്ടിലാണ് ശക്തമായ മഴയിലും കാറ്റിലും മരം വീണു രണ്ട് പേർക്ക് പരിക്കേറ്റത്. മരം ജീപ്പിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. പാറത്തോട് സ്വദേശികളായ മാരിമുത്തു (42), പെരിയസാമി (65) എന്നിവർക്കാണ് അപകടം സംഭവിച്ചത്.