മിക്കവാറും അടുത്തമാസത്തോടെ മലയാളിയുടെ റേഷനും മുടങ്ങാൻ സാധ്യത. വാതിൽപ്പടി വിതരണത്തിന് റേഷൻ കടകളിൽ സപ്ളൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശിക 317 കോടി രൂപയായി വർദ്ധിച്ച സാഹചര്യത്തിൽ വിതരണം നിറുത്തിവയ്ക്കാനാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ തീരുമാനം. ഈ മാസത്തെ വിതരണം പൂർത്തിയായിക്കഴിഞ്ഞാൽ പിന്മാറുമെന്നാണ് സൂചന. ഇതോടെ റേഷൻകടകളുടെ പ്രവർത്തനം നിശ്ചലമാകും. ജനങ്ങൾക്ക് റേഷൻ കിട്ടാതാവും. വാഹന കരാറുകാർക്ക് സപ്ളൈകോ മൂന്നു മാസമായി വാടക നൽകുന്നില്ല. 63 കോടിയാണ് ഇവർക്കു കിട്ടാനുള്ളത്. വാഹന കരാറുകാർക്കുള്ള തുക, ഗോഡൗൺ വാടക, തൊഴിലാളികൾക്കുള്ള കൂലി ഉൾപ്പെടെയാണ് ‘വാതിൽപ്പടി’ തുക. ഈ ഇനത്തിൽ സർക്കാർ 2020-21 മുതൽ സപ്ളൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക 317 കോടി രൂപയാണ്.
സ്വന്തം നിലയിൽ പണം നൽകിയാണ് സപ്ളൈകോ വിതരണം മുടങ്ങാതെ നോക്കിയത്. മൂന്നു മാസമായി അതും നൽകാൻ കഴിയാതായി.ഒരു മാസത്തെ ചെലവ് 21 കോടിയാണ്. സപ്ലൈകോ ലാഭത്തിലായിരുന്നപ്പോൾ ട്രാൻസ്പോർട്ടിംഗ് ഉൾപ്പെടെയുള്ള ചെലവുകൾ മുടങ്ങിയിരുന്നില്ല. സർക്കാർ പണം നൽകാൻ വൈകിയാലും സപ്ലൈകോ കരാറുകാർക്ക് നൽകുമായിരുന്നു. സാധനങ്ങൾ വിതരണം ചെയ്തവർക്കുള്ള കുടിശ്ശിക 800 കോടിയിലെത്തുകയും സബ്സിഡി തുക സർക്കാർ നൽകാതിരിക്കുകയും ചെയ്തതോടെ സപ്ലൈകോയുടെ പ്രവർത്തനവും അവതാളത്തിലായി. ഇതോടെ ഈ തുക നൽകാൻ സപ്ലൈകോയ്ക്കുംകഴിയാതെയായി. ചുരുക്കത്തിൽ പാവപ്പെട്ടവന്റെ റേഷനും മുടങ്ങുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.