ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ഏകദേശം 3000 പേര് അപകടത്തില്‍ മരിക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഈ രംഗത്ത് രണ്ടാംസ്ഥാനത്തു നില്ക്കുന്ന സംസ്ഥാനം. അതായത് ദിവസം ഒമ്പതു പേര് വീതം ഇവിടെ റോഡപകടത്തില്‍ മരിക്കുകയും 136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നു ശതമാനം മാത്രമുള്ള കേരളത്തിലെ അപകടനിരക്ക് പതിമൂന്നു ശതമാനം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ 1000 വാഹനങ്ങള്‍ക്കിടയില്‍ 12.5% അപകടമാണ് ദേശീയശരാശരിയെങ്കില്‍ കേരളത്തില്‍ ഇത് 15% മാണ്. കേരളത്തെ സംബന്ധിച്ച് പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവും അതിനു സമാന്തരമായി റോഡുകള്‍ വികസിക്കാത്തതുമാണ് ഇത്രയേറെ അപകടങ്ങളുണ്ടാവാനുള്ള മുഖ്യ കാരണം. ഇന്ത്യയില്‍ 100 സ്ക്വയര്‍ കിലോമീറ്റര്‍ റോഡില്‍ 1673 വാഹനങ്ങളാണ് ഓടുന്നതെങ്കില്‍ കേരളത്തില്‍ ഓടുന്നത് 6527 വാഹനങ്ങളാണ്. അതായത് ദേശീയനിരക്കിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍
സ്കൂട്ടറിൽ ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന സ്ത്രീ ടോറസ് ലോറിക്കടിയിൽപ്പെട്ടു മരിച്ച സംഭവം ഗതാഗതത്തിരക്കും അതിനെ മറികടക്കാനുള്ള ശ്രമത്തിനിടെയുണ്ടാകുന്ന അശ്രദ്ധയും വിലപ്പെട്ട ജീവനുകൾ നഷ്പ്പെടുത്തുന്നതിന്റെ പുതിയ ഉദാഹരണമായി. പാലത്തിൽവച്ച് സ്കൂട്ടർ ടോറസ് ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. റോഡിലേക്കു വീണ സ്ത്രീയുടെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തെത്തുടർന്നു കോട്ടയം നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇത്തരം ഓരോ അപകടമുണ്ടാകുന്പോഴും ഇനി ഇതാവർത്തിക്കില്ലെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും അധികൃതർ പറയാറുണ്ട്. പക്ഷേ അപകടങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. രാവിലത്തെ ഗതാഗതത്തിരക്കും രണ്ടുവരിപ്പാലത്തിന്റെ വീതിക്കുറവുമൊക്ക കോട്ടയത്തെ അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കാനുണ്ടാവും. എങ്കിലും ജാഗ്രതക്കുറവിനു നൽകേണ്ട വിലയാണിത് എന്നു വിലയിരുത്തുന്നതാവും ശരി.
റോഡുകളിലെ ഗതാഗതക്കുരുക്കുകളും മത്സരയോട്ടവും അശ്രദ്ധമായ മുന്നിൽക്കയറൽ ശ്രമങ്ങളും ഡ്രൈവറുടെ അശ്രദ്ധയുമാണു സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഭൂരിഭാഗത്തിന്റെയും കാരണം. സംസ്ഥാനത്തെ പ്രധാന റോഡുകളുടെയെല്ലാം വീതി കൂട്ടിയിട്ടുണ്ട്. അപകടം നടന്ന എംസി റോഡും അതിൽപ്പെടുന്നതാണ്. എന്നാൽ റോഡിന്റെ വീതി കൂട്ടിയതനുസരിച്ച് പാലത്തിന്റെ വീതി കൂട്ടിയിട്ടില്ല. പലനിരയായി എത്തുന്ന വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ അവിടെ വലിയ തിരക്കിനിടയാക്കുന്നു. പിന്നെ നിയമങ്ങളൊക്കെ മറന്നു മുന്നിൽക്കയറാനുള്ള ധൃതിയാണു പലർക്കും. ഇടയില്ലാത്ത നിരയിലേക്കു വാഹനങ്ങൾ കുത്തിക്കയറ്റാൻ ചിലർ ശ്രമിക്കുന്നത് അപകടങ്ങളിലേക്കു നയിക്കുന്നു. ടൂവീലർ പോലുള്ള ചെറിയ വാഹനങ്ങളാണ് ഇങ്ങനെ കൂടുതൽ അപകടത്തിൽ പെടുന്നത്. ചെറിയ വാഹനം ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് നടത്തി അപകടത്തിനിടയാക്കിയാലും പഴി കേൾക്കേണ്ടിവരുന്നത് വലിയ വാഹനത്തിന്റെ ഡ്രൈവർകൂടിയാണ്. കൂട്ടിയിടി, നിയന്ത്രണംതെറ്റി മറിയൽ എന്നിങ്ങനെയുള്ള അപകടങ്ങൾക്കു മുഖ്യകാരണക്കാരൻ ഡ്രൈവർ തന്നെയാണെന്നു പറയേണ്ടിവരും.
ട്രാഫിക് ബോധവത്കരണ പരിപാടികളും പോലീസിന്റെ വാഹന പരിശോധനകളും മുറയ്ക്കു നടക്കുന്നുണ്ടെങ്കിലും റോഡിലെ അപകടങ്ങൾ കൂടിക്കൊണ്ടേയിരിക്കുന്നു. ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ ആരും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ അത് ആരെയും പേടിപ്പിക്കുന്നില്ല. റോഡ് സുരക്ഷയും വാഹന സുരക്ഷയും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിന് ആരും എതിരല്ല.
ട്രാഫിക് നിയമലംഘനങ്ങളാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളുടെ ഒരു പ്രധാന കാരണം. റോഡുകൾ എത്രകണ്ടു വികസിച്ചാലും അവയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവിധം അത്രയധികം വാഹനങ്ങളാണ് ഇന്നു നിരത്തിലിറങ്ങുന്നത്. ഈ തിരക്ക് വർധിക്കുന്നതനുസരിച്ച് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്താൻ, നിയമങ്ങളും നിയന്ത്രണങ്ങളും മറന്ന് മത്സരയോട്ടം നടത്തുന്നവരുടെ എണ്ണവും കൂടുന്നു. ക്ഷമയും നിരത്തിലെ മര്യാദയും മറന്നുള്ള ഡ്രൈവിംഗ് അപകടത്തിലേക്കു നയിക്കുന്നതു സ്വാഭാവികം. ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്യൂ തെറ്റിക്കാതെ മര്യാദയ്ക്കു വണ്ടിയോടിക്കുന്നവർ പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥയുള്ളതിനാൽ അവരും കൂടുതൽ സ്മാർട്ട് ആകാൻ നോക്കും. എല്ലാവരുടെയും സമയത്തിനു വിലയുണ്ടല്ലോ.
പോലീസ് ചെക്കിംഗും മറ്റു പല നിയന്ത്രണസംവിധാനങ്ങളും ഉണ്ടെങ്കിലും കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന മട്ടിലാണ് ഇന്നു തിരക്കുള്ള റോഡുകളിലെ കാര്യങ്ങൾ. നിയമവിരുദ്ധമായി ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് നടത്തുന്നതുപോലെ ഒരു വശത്തുനിന്നു മറുവശത്തേക്കു മറ്റു വാഹനങ്ങൾക്കിടയിലൂടെ കടക്കുന്ന പ്രവണതയും കൂടിവരുന്നു. ഇതിനിടയിൽ പലരും അപകടങ്ങളിൽനിന്നു രക്ഷപ്പെടുന്നതു ഭാഗ്യം കൊണ്ടു മാത്രമാണ്. നിയമങ്ങളൊന്നും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിലാണ് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഓടിക്കുന്ന പലരുടെയും റോഡിലെ പെരുമാറ്റം. തിരക്കുള്ള റോഡുകളിൽ ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാലും പോലീസ് തടയാറില്ല. എന്നിട്ട് അപകടമുണ്ടാകുന്പോൾ കടുത്ത നിയന്ത്രണങ്ങളുമായി വരും. ഏതാനും ദിവസം കഴിയുന്പോൾ സ്ഥിതി വീണ്ടും പഴയപടിയാവുകയും ചെയ്യും. നിയമവിരുദ്ധമായി ഓവർടേക്കിംഗ് നടത്തുന്നതു കർശനമായി തടയണം. വലിയ ടോറസ് ലോറികളും ടിപ്പറുകളും ബസുകളുമൊക്കെ ചെറിയ വാഹനങ്ങളെ ഭീഷണിപ്പെടുത്തി മുന്നിൽക്കയറുന്ന പ്രവണതയ്ക്കും തടയിടണം. ട്രാഫിക് നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറയ്ക്കണമെങ്കിൽ കർശനമായ നടപടികൾതന്നെ ആവശ്യമുണ്ട്.ഇനിയൊരു ജീവനും നിരത്തിൽ പൊലിയാതിരിക്കട്ടെ.
Read Also: എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തപരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു