കേരളത്തിലെ ഹൈവേ ശൃംഖല ഇതിനകം തന്നെ വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്. എൻഎച്ച് 66ന്റെ പണി നടന്നു വരുകയാണ്. കൊല്ലം-തേനി ഗ്രീൻഫീൽഡ് പാതയുടെ പ്രാരംഭ നടപടികളായി. ദേശീയപാത 85ന്റെ ജോലികളും നടന്നു വരുകയാണ്. ഈ കൂട്ടത്തിലേക്ക് ഇനി വരാനിരിക്കുന്നത് എക്സ്പ്രസ് ഹൈവേകളാണ്. രണ്ട് എക്സ്പ്രസ് ഹൈവേകളാണ് കേരളത്തിൽ വരാൻ പോകുന്നത്.
തിരുവനന്തപുരം – അങ്കമാലി അതിലേഗ ഇടനാഴി
257 കലോമീറ്റർ ദൈർഘ്യമുണ്ടാകും തിരുവനന്തപുരത്തെ കരകുളം മുതൽ അങ്കമാലി വരെ നീളുന്ന ഈ അതിവേഗപാതയ്ക്ക്. എംസി റോഡിന് സമാന്തരമായാണ് ഈ ഇടനാഴി വരുന്നത്. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ വിഷൻ 2047ൽ ഈ പാതയും ഉൾപ്പെടുമെന്നാണ് വിവരം. വിഴിഞ്ഞം പദ്ധതി അതിവേഗം പുരോഗമിക്കുമ്പോൾ ഈ റോഡിന്റെ പൂർത്തീകരണം തന്ത്രപ്രധാനമാണ്.
ആക്സസ് കൺട്രോൾഡ് ദേശീയപാതയായിരിക്കും അങ്കമാലി – തിരുവനന്തപുരം ദേശീയപാത. ഇതൊരു ഗ്രീൻഫീൽഡ് പാതയാണ്. പൂര്‍ണമായും സ്ഥലം ഏറ്റെടുത്ത് നിർമ്മിക്കുന്ന ഈ പാതയിൽ ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം അടക്കമുള്ള അത്യാധുനികമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. എക്സിറ്റ് – എന്‍ട്രി പോയിന്റുകൾ അങ്കമാലി – തിരുവനന്തപുരം ദേശീയപാതയിൽ കുറവായിരിക്കും.
ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കിയാണ് അലൈൻമെന്റ് പൂർത്തീകരിച്ചിരിക്കുന്നത്. മലയോരപാതയ്ക്കും എംസി റോഡിനും സമാന്തരമായിരിക്കും ഈ പാത. നാലുവരി പാതയാണ് നിർമ്മിക്കുക. നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ എന്നീ താലൂക്കുകളിലൂടെ പാത കടന്നു പോകുന്നുണ്ട്.
പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ പാത
121 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക്. പാലക്കാടിനും കോഴിക്കോടിനുമിടയിൽ യാത്രാദൂരം 2 മണിക്കൂറായി കുറയ്ക്കുന്ന ഈ പാത ആക്സസ് കൺട്രോൾഡ് ആയിരിക്കും. എൻട്രി പോയിന്റുകളും എക്സിറ്റ് പോയിന്റുകളും കുറവായിരിക്കും. അതിവേഗ പാതയായതിനാൽ തന്നെ ഇതിലേക്ക് ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ദേശീയപാത 66, 544 എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന കോറിഡോറായി ഈ പാത പ്രവർത്തിക്കും. ഇത് പാലക്കാടിനും കോഴിക്കോടിനും വലിയ വളർച്ചാ സാധ്യതകൾ തുറന്നിടും.
ചെന്നൈ തുറമുഖത്തിലേക്ക് അതിവേഗം എത്താൻ സാധിക്കുമെന്നതിനാൽ കോഴിക്കോടുള്ള ചെറിയ തുറമുഖങ്ങൾക്കും, അഴീക്കോട് അടുത്ത് വരാനിരിക്കുന്ന മലബാർ മേജർ തുറമുഖത്തിനും (Malabar International Port, Greenfield) വളർച്ചയുടെ പാത തുറന്നിടും.
പാലക്കാട് മരുതറോഡ് മുതൽ കോഴിക്കോട് പന്തീരാങ്കാവ് വരെ നീളുന്ന ഈ പാത കേരളത്തിലെ ആദ്യത്തെ എക്സ്പ്രസ് ഹൈവേയായിരിക്കും. തീരുവനന്തപുരം-അങ്കമാലി പാതയെക്കാൾ മുമ്പ് ഈ പാതയുടെ പണി പൂർത്തിയാകും. നിലവിൽ സ്ഥലം ഏറ്റെടുക്കലിന്റെ ഘട്ടത്തിലാണ് കോഴിക്കോട്-പാലക്കാട് കോറിഡോർ. സര്‍വീസ് റോഡുൾപ്പെടെ 45 മീറ്റർ വീതിയുള്ള ഈ പാതയ്ക്കായി 547 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
Read More: ‘ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ’ അന്തരിച്ചു; 75 വയസ്സായിരുന്നു