മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയായി ഗൗതം ഗംഭീര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയമാകുന്നത്. ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സഴ്‌സിന്റെ ഉപദേഷ്ടാവുമായ ഗംഭീറിനോട് ഇന്ത്യയുടെ പരിശീലകനാവാന്‍ ബിസിസി ഐ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗംഭീര്‍ പരിശീലകനായാല്‍ സഞ്ജു സാംസണിന്റെ ഭാവി എന്താവും?. സഞ്ജുവിന് ഗംഭീറിന് കീഴില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ടോ?. ഇതാണ് മലയാളികളടക്കമുള്ള സഞ്ജു ആരാധകർക്ക് അറിയേണ്ടത്.
ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാകുമെന്നറിഞ്ഞ് യുവതാരങ്ങളെല്ലാം സന്തോഷത്തിലാണ്. കാരണം യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്ന പരിശീലകരിലൊരാളാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കുള്ള വരവ് യുവതാരങ്ങള്‍ക്ക് സന്തോഷം നല്‍കും. മറ്റ് പരിശീലകരെപ്പോലെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്ന പരിശീലകനായിരിക്കില്ല ഗംഭീര്‍. തന്റേതായ നിലപാട് എല്ലാ കാര്യത്തിലുമുള്ള ഗംഭീര്‍ അത് തുറന്ന് പറയാനും ധൈര്യം കാട്ടാറുണ്ട്.
ഗംഭീറിന്റെ ഇന്ത്യന്‍ പരിശീലകനായുള്ള വരവ് സഞ്ജുവിന്റെ കരിയറില്‍ വളരെയധികം ഗുണം ചെയ്യുമെന്നുറപ്പാണ്. കാരണം സഞ്ജുവിന്റെ മികവിനെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പരിശീലകരിൽ ഒരാളാണ് ഗംഭീര്‍. സഞ്ജുവിന് ഫോം വിലയിരുത്തി കൂടുതല്‍ അവസരം നല്‍കാന്‍ ഗംഭീര്‍ തയ്യാറായേക്കും.
സഞ്ജുവിന്റെ പ്രകടനം മിക്കപ്പോഴും നിരീക്ഷിക്കുകയും പ്രതികരണം അറിയിക്കുകയും ചെയ്യാറുള്ളവരിൽ മുൻപന്തിയിലാണ് ഗംഭീര്‍. ടി20 ലോകകപ്പിനെക്കുറിച്ച് വിലയിരുത്തിയപ്പോള്‍ സഞ്ജു വലിയ പ്രതിഭയാണെന്ന് ഗംഭീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ദ്രാവിഡിന് കീഴില്‍ വലിയൊരു പിന്തുണ ലഭിച്ചില്ലെങ്കിലും ഇടക്കിടെയെങ്കിലും സഞ്ജുവിന് ദേശീയ ടീമില്‍ അവസരം ലഭിച്ചിരുന്നു. ഇപ്പോള്‍ ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ടീമിലെ സ്ഥിര സ്ഥാനമാണ് സഞ്ജു മോഹിക്കുന്നത്. ഇത് സഞ്ജുവിന് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗംഭീറിന് കീഴില്‍ സഞ്ജുവിന് വലിയ കരിയര്‍ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഗംഭീര്‍ ഫോം വിലയിരുത്തി ടീമിനെ പരിഗണിക്കുന്നവരിലൊരാളാണ്. ഇത് സഞ്ജുവിന് ഗുണം ചെയ്യും. ദ്രാവിഡടക്കമുള്ള മുന്‍ പരിശീലകര്‍ മോശം ഫോമിലാണെങ്കിലും റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഗംഭീര്‍ ഇത്തരമൊരു പരിശീലകനായിരിക്കില്ല. മോശം ഫോമിലാണെങ്കില്‍ റിഷഭിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഗംഭീര്‍ ധൈര്യം കാട്ടും. ഇത് സഞ്ജുവിന് ഗുണം ചെയ്യും. താരങ്ങളെ ഏത് സാഹചര്യത്തിലും പിന്തുണക്കുന്ന പരിശീലകനായിരിക്കും ഗംഭീര്‍.
ഗംഭീര്‍ സഞ്ജുവില്‍ വിശ്വാസം അര്‍പ്പിക്കുന്നവരിലൊരാളായതിനാല്‍ ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരമായൊരു സ്ഥാനം മലയാളി താരത്തിന് നല്‍കിയേക്കും എന്നാണ് പ്രതീക്ഷ വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്നയാളാണ് ഗംഭീര്‍. തന്റെ കരിയറിലൂടെത്തന്നെ ഗംഭീര്‍ ഇക്കാര്യം പലവട്ടം തെളിയിച്ചിട്ടുള്ളതാണ്.