അതീവ സുരക്ഷാ സംവിധാനമായ, ഇന്ത്യയുടെ സ്വന്തം ടെക്നോളജിയിൽ വികസിപ്പിച്ച ‘കവച്’ ട്രയൽ റൺ വന്ദേഭാരതിൽ വിജയകരമായി പരീക്ഷിച്ചു റെയിൽവേ. റെയിൽവേ ബോർഡ് ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ സിൻഹയും നോർത്ത് സെൻട്രൽ, നോർത്തേൺ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചൊവ്വാഴ്ച പൽവാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനിൽ ‘റെയിൽവേ കവാച്ച്’ ട്രയൽ പരിശോധിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിൽ നടത്തിയ പരീക്ഷണം വിജയകരമായതായി റയിൽവേ അറിയിച്ചു. ഇതോടെ ഇനി കൂടുതൽ വേഗതയിൽ വന്ദേഭാരതിൽ സഞ്ചരിക്കാനാവും.
രാവിലെ 9.15ന് പല്‌വാൾ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ട്രയൽ റൺ വൃന്ദാവൻ സ്റ്റേഷനിൽ അവസാനിച്ചു. നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ, നോർത്തേൺ റെയിൽവേ ജനറൽ മാനേജർ, ദേശീയ തലസ്ഥാന മേഖലയുടെ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ, റെയിൽവേ ബോർഡ് പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ആഗ്ര ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരും മറ്റ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ട്രയൽ റണ്ണിൽ പങ്കെടുത്തു. എല്ലാ പാരാമീറ്ററുകളും കാര്യക്ഷമമായി പാലിച്ച ‘കവചിന്റെ ‘ വിജയകരമായ പ്രവർത്തനത്തിൽ സിൻഹ സന്തുഷ്ടനായതായി ട്രയൽസിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
60 കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ, കവച സംവിധാനം ചുവന്ന സിഗ്നൽ കണ്ടെത്തി, ഏകദേശം 1,300 മീറ്റർ അകലെ ബ്രേക്കുകൾ യാന്ത്രികമായി പ്രയോഗിച്ചു ട്രെയിൻ നിർത്തിയതായി പരീക്ഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ കുഷ് ഗുപ്തയുടെ മേൽനോട്ടത്തിൽ ആയിരുന്നു ട്രയൽ റൺ. ലോക്കോ പൈലറ്റിൻ്റെ യാതൊരു ഇടപെടലും കൂടാതെ ”കവച്’ സഹായത്തോടെ ട്രെയിൻ എല്ലാ വേഗത നിയന്ത്രണങ്ങളും പാലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, പൽവാൽ-വൃദാവൻ റെയിൽവേ റൂട്ടിൽ ഛാട്ട സ്റ്റേഷന് സമീപമുള്ള ലൂപ്പ് ലൈനിൽ പ്രവേശിക്കാൻ ട്രെയിനിന് 30 കിലോമീറ്റർ വേഗത കുറയ്ക്കേണ്ടി വന്നു. അത് കൃത്യമായി ട്രെയിൻ തനിയെ ചെയ്തതായി അദ്ദേഹം അറിയിച്ചു. സിഗ്നലിന് ഒമ്പത് മീറ്റർ മുമ്പ് ട്രെയിൻ നിർത്തിയതായും ചെയർമാൻ ഉൾപ്പെടെ എല്ലാവരും സംതൃപ്തി പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.