കൊച്ചി: അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നും അത്തരം വ്യക്തിഗത വിവരങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. പിണറായി സർക്കാർ അധികാരത്തിലെത്തിയ 2016 മേയ് മുതൽ കഴിഞ്ഞവർഷം നവംബർ 30 വരെ ജില്ലാതലത്തിൽ എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ നൽകാൻ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിയാണ് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ചുള്ള വിവരാവകാശ മറുപടിയിലാണ് എം.വി.ഡി. അപ്പീൽ അധികാരിയുടെ വിശദീകരണം.
കെ.ബി. ഗണേഷ്‌കുമാർ ഗതാഗത മന്ത്രിയായതിനു പിന്നാലെ 57 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടിയുടെ വിശദാംശങ്ങൾ കെ. ഗോവിന്ദൻ നമ്പൂതിരി ആരാഞ്ഞത്. എന്നാൽ എത്ര ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചുവെന്നതിന്റെ വിശദാംശങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ വിചിത്ര മറുപടി.എന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണം പ്രസിദ്ധപ്പെടുത്തുന്നത് എങ്ങനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്നാണ് ഗോവിന്ദൻ നമ്പൂതിരി പറയുന്നത്. മറുപടി വിവരങ്ങൾ മറച്ചുപിടിക്കാനുള്ള എം.വി.ഡിയുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മിഷനിൽ അപ്പീൽ നൽകുമെന്ന് കെ. ഗോവിന്ദൻ നമ്പൂതിരി വ്യക്തമാക്കി.
എന്നാൽ അത്തരം വ്യക്തിഗത വിവരങ്ങൾക്ക് സ്വകാര്യതയിലേക്കുള്ള അനാവശ്യമായ കടന്നുകയറ്റത്തിൽനിന്നുള്ള സംരക്ഷണത്തിന് അർഹതയുണ്ടെന്നാണ് എം.വി.ഡിയുടെ ന്യായം. 2019 ലെ ഒരു സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ എൻഫോഴ്‌സ്‌മെന്റിന്റെ (ഇൻ ചാർജ്) വിശദീകരണം.