സിനിമ നിർമ്മാതാവ് എന്ന് വിശ്വസിപ്പിച്ച് അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നവീഡിയോ എടുത്ത യുവാവ് അറസ്റ്റിൽ. കൊല്ലം കാവനാട് മുഹമ്മദ് ഹാരിസിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
സിനിമ നിർമാതാവ് എന്ന സ്വയം വിശേഷിപ്പിച്ചാണ് ഇയാൾ ആളുകളെ സമീപിച്ചിരുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് അവിടുത്തെ അധ്യാപകരെ പാട്ടിലാക്കുന്ന ഇയാൾ തന്ത്രപൂർവ്വം പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിക്കും. തുടർന്ന് ഇവരെ വിളിച്ച് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്യും. ഇതിനായി അവരുടെ പെർഫോമൻസ് വീഡിയോ ആവശ്യപ്പെടുന്ന ഇയാൾ ലൈവായി അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടും. തുടർന്ന് മറ്റൊരു രംഗം അഭിനയിക്കുന്നതിനായി വസ്ത്രം മാറാൻ ആവശ്യപ്പെടുന്ന ഇയാൾ പെൺകുട്ടികൾ വസ്ത്രം മാറുന്നത് വീഡിയോയിൽ പകർത്തും. പെൺകുട്ടികൾ അറിയാതെയാണ് ഇയാൾ ഇങ്ങനെ ചെയ്തിരുന്നത്. ഇതേപ്പറ്റി അറിഞ്ഞ പെൺകുട്ടികൾ ചോദിച്ചതോടെ ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ഈ പെൺകുട്ടികളെ ഉപയോഗിച്ച് ഇവരുടെ കൂട്ടുകാരെയും ഇത്തരത്തിൽ ഇയാൾ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ഇയാൾക്കെതിരെ മുൻപും സമാന പരാതികൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.