തിരുവനന്തപുരം: മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകരിലൊരാളായ സംഗീത് ശിവൻ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിടവാങ്ങിയത്. ബോളിവുഡിലും ഇദ്ദേഹം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഛായഗ്രാഹകൻ സന്തോഷ് ശിവനും, സംവിധായകനായ സഞ്ജീവ് ശിവനും ഇദ്ദേഹത്തിൻറെ സഹോദരന്മാരാണ്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവൻറെ മകനായി 1959 ലാണ് സംഗീത് ശിവൻ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെൻററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. മലയാളത്തിൽ ഇഡിയറ്റ്സ്, ഇ എന്ന ചിത്രങ്ങളിൽ നിർമ്മതാവുമായി.