തുടര്‍ച്ചയായി ആറ് മാസത്തോളം വരണ്ടുകിടന്ന ബെംഗളൂരു നഗരത്തിൽ ആശ്വാസമഴ പെയ്തിരിക്കുന്നു. ആലിപ്പഴ വീഴ്ചയോടെയായിരുന്നു കടുത്ത ചൂടിന് ആശ്വാസമായി മഴ എത്തിയത്. കടുത്ത ജലക്ഷാമം നേരിടുന്ന ബെംഗളൂരുവിന്റെ തെക്കൻ മേഖലയിൽ 4 .57 മില്ലി മീറ്റർ മഴ ലഭിച്ചു. ഭൂഗർഭ ജല വിതാനം ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിലെ ജല ദൗർലഭ്യത്തിന് നേരിയ ആശ്വാസമായേക്കും.
അതേസമയം മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞും വിവിധ ഇടങ്ങളിൽ ഗതാഗതം തടസപ്പെടുകയും നിർത്തിയിട്ട വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. നഗരത്തിലെ വൈദ്യുതി – ഇന്റർനെറ്റ് ബന്ധവും ഏറെ നേരം വിച്ഛേദിക്കപ്പെട്ടു. അടുത്ത രണ്ടു ദിവസം കൂടി വേനൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടകയിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. പകൽ താപനില 37 ഡിഗ്രി സെൽഷ്യസായി തന്നെ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഉച്ച സമയത്ത് പുറത്തിറങ്ങുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ അർബൻ മേഖലയിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24.1 ഡിഗ്രി സെൽഷ്യസും. ബെംഗളൂരു റൂറലില്‍ പരമാവധി താപനില 39.2 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസുമാണ്.
Read More: 93 മണ്ഡലങ്ങളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മോദി