പാലാ കടനാട് പഞ്ചായത്തിൽ പുലിയെത്തി എന്ന ദേശവാസികളുടെ ആശങ്കയെ തുടർന്ന് തുമ്പമലയിൽ ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി. കടനാട് പഞ്ചായത്തിലെ തുമ്പമലയിലാണ് വെള്ളിയാഴ്ച പുലിയെ കണ്ടതായി ആളുകൾ ആശങ്ക അറിയിച്ചത്. പ്രദേശവാസിയായ തടത്തിൽ രവിയാണ് പുലിയെ കണ്ടതായി പ്രദേശവാസികളോട് ആദ്യം പറഞ്ഞത്. തുമ്പമലയിലുള്ള മൊബൈൽ ടവറിനു സമീപത്തെ പാറയിൽ പുലി നിൽക്കുന്നതായാണ് രവി കണ്ടത് എന്ന് പറയുന്നു. നീളമുള്ള വാലും രണ്ടടിയോളം പൊക്കവും ഉള്ള പുലിയെ വ്യക്തമായി കണ്ടേവെന്നു രവി നാട്ടുകാരോട് പറഞ്ഞു.
എന്നാൽ വന്നത് പുലിയല്ല എന്ന നിഗമനത്തിലാണ് വനം വകുപ്പ്. വനത്തിലെ തീറ്റ കുറയുമ്പോൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വളർത്തുമൃഗങ്ങളെയും മറ്റും കൊന്നു തിന്നുന്നതാണ് പുലിയുടെ പൊതുവേയുള്ള രീതി. പുലിയെ കണ്ടെത്തുന്ന എല്ലാ സ്ഥലങ്ങളിലും ഇത്തരം കൊലകൾ നടക്കാറുണ്ടെങ്കിലും തുമ്പമലയിൽ ഇത് ഉണ്ടായിട്ടില്ല എന്നുള്ളതാണ് വനപാലകർക്ക് ആശ്വാസത്തിന് വക നൽകുന്നത്. അതുകൊണ്ടുതന്നെ ഇവിടെ കണ്ടത് പുലിയല്ല എന്നാണ് വനം വകുപ്പിന്റെ അനുമാനം. എന്നാൽ മറ്റെന്ത് എന്ന ആശങ്ക ഒഴിയുന്നില്ല.









