ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ശേഷം വെള്ളിത്തിരയിൽ 45 വർഷങ്ങൾ പിന്നിട്ട അനുഗ്രഹീത ഗായകനാണ് കെ ജി മാര്‍ക്കോസ്. വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും ഇമ്പത്തോടെ ആസ്വദിക്കുന്ന മലയാളികളുണ്ട്. കഴിഞ്ഞ കുറേ കാലം മലയാള സിനിമാ പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന കെ ജി മാര്‍ക്കോസിന് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിയത് ഗിരീഷ് എഡിയുടെ പ്രേമലുവിലൂടെയായിരുന്നു. പ്രേമലുവിലെ ‘തെലങ്കാന ബൊമ്മലു’ എന്ന പാട്ട് വലിയ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോള്‍ കെജി മാര്‍കോസ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ ആഭിമുഖ്യത്തിൽ താൻ നേരിട്ട അവഗണനയെക്കുറിച്ച് തുറന്ന് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുന്നുണ്ട്.
തന്നെ മനഃപൂർവം ഒഴിവാക്കിയ സ്റ്റേജുകളും ചാനലുകളും ഉണ്ടെന്നും അതുകൊണ്ടാണ് റിയാലിറ്റി ഷോകളില്‍ ജഡ്ജായിപോലും തന്നെ കാണാത്തതെന്നുമാണ് കെ ജി മാര്‍ക്കോസ് പറയുന്നത്. ഇപ്പോഴത്തെ ഗാന ആസ്വാദന രീതിയെയും അദ്ദേഹം രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. നല്ലരീതിയിലുള്ള ഒരു മെലഡി കേള്‍ക്കുന്നതിനെക്കാളുപരി അതിന്റെ ഏറ്റവും മോശമായ രീതിയില്‍ പാട്ടുകേള്ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് അദ്ദേഹം പറയുന്നത്. പഴയ കാലം മെലഡിയുടെ കാലഘട്ടമായിരുന്നു. ദേവരാജന്‍ മാഷ്, അര്ജുനന് മാഷ്, ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ് തുടങ്ങിയ മഹാന്മാരുടെ കാലത്തുണ്ടായ പാട്ടുകൾ. ഇപ്പോള്‍ പാട്ടു പാടുകയല്ല… കടിച്ചു പറിച്ചു പറയുയാണ്. നല്ല പാട്ട് പാട്ടുകാർക്ക് നൽകിയാലല്ലേ പാടാന്‍ സാധിക്കൂ. നല്ല പാട്ടുകളാരും നൽകുന്നില്ല എന്നതാണ് സത്യം. അന്യഭാഷകളില്‍ ഇങ്ങനെയല്ലെന്നും മലയാളസിനിമയിൽ പാട്ട് കുറച്ചുപേരിലേക്ക് മാത്രമായി ഒതുക്കി നിര്‍ത്തുകയാണെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവരെ വളരാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ കെജി മാർക്കോസ് സീനിയറായാലും പുതുതലമുറ ഗായകരായാലും കയറിവരാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
“45 വര്‍ഷമായി ഞാനീ രംഗത്തുണ്ട്. ശബ്ദംകൊണ്ടും ആലാപന ശൈലികൊണ്ടും അത്യാവശ്യം കാലിബര്‍ കാണിച്ചിട്ടുണ്ട്. പക്ഷേ, തുടക്കം മുതലേ എന്നെ ഒതുക്കാനുള്ള ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. ഒരു ആരോപണമായിട്ട് പറയുന്നതല്ല, എന്റെ അനുഭവമാണത്. കാരണം, ഒരു മത്സരത്തിന് ഞാനുണ്ടായിരുന്നില്ല. പക്ഷേ, എന്തോ മുന്നോട്ട് വരരുതെന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇന്നുമുണ്ട്. ഇപ്പോള്‍ തന്നെ ‘പ്രേമലു’ എന്ന ചിത്രം കലക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. പക്ഷേ, അതിന്റെ ഒരു പ്രതികരണവും എനിക്ക് ലഭിക്കുന്നില്ല. അത് കണ്ടിട്ടും മിണ്ടാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. അത് സംഗീത സംവിധായകരായാലും എന്റെ സഹപ്രവര്‍ത്തകരായാലും. അതേസമയം, വേറെ ചില പാട്ടുകള്‍ വന്നപ്പോള്‍ ആഘോഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്,” – കെ ജി മാര്‍ക്കോസ് വ്യക്തമാക്കി.
Read Also: ഇനി സുഖ ദർശനം; ഗുരുവായൂരിൽ പഴനി മാതൃകയിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു