മാവേലിക്കര: മലയാളികളുടെ ആഹാരമായി ചപ്പാത്തി കടന്നുവന്നതിന്റെ നൂറാം വാർഷികം ഇന്ന് ആഘോഷിക്കുന്നു. കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തിലാണ് മലയാളിയും ചപ്പാത്തിയും തമ്മിലുള്ള ആമാശയബന്ധത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ വൈക്കം സത്യാഗ്രഹം നടന്നപ്പോഴും ഐക്യദാര്‍ഢ്യവുമായി സിഖുകാര്‍ എത്തിയിരുന്നു. അന്ന് സിഖുകാര്‍ ആരംഭിച്ച ഭക്ഷണശാലയില്‍ നിന്നാണ് മലയാളികള്‍ ആദ്യമായി ചപ്പാത്തി നേരില്‍ കാണുന്നത്.
ജാതീയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നടന്ന വലിയ സമരങ്ങളിലൊന്നായിരുന്നു വൈക്കം സത്യാഗ്രഹം. മഹാത്മാഗാന്ധി പിന്തുണയ്ക്കുകയും ശ്രീനാരായണ ഗുരു നേതൃത്വം നല്‍കുകയും ചെയ്ത സമരത്തിന്റെ വാര്‍ത്ത ഇന്ത്യ മുഴുവന്‍ കാട്ടുതീ പോലെയാണ് പടര്‍ന്നത്. ലണ്ടനില്‍ നിന്നുവരെ സത്യാഗ്രഹത്തെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് സംഭാവനകള്‍ എത്തിയിരുന്നുവെന്നതാണ് ചരിത്രം. ജാതീയതയ്‌ക്കെതിരായ വലിയ സമരമെന്ന തരത്തില്‍ ഹിന്ദി, ഇംഗ്‌ളീഷ് പത്രങ്ങളിലെല്ലാം അന്ന് വൈക്കം സത്യാഗ്രഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു.അന്നത്തെ പട്യാല സംസ്ഥാനത്തിലെ മന്ത്രിയും മലയാളിയുമായിരുന്ന സര്‍ദാര്‍ കെ.എം പണിക്കര്‍ വഴി പട്യാല രാജാവും സിഖ് നേതാക്കളും വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതായി ലഭിച്ച വാര്‍ത്ത കെ.എം പണിക്കര്‍ രാജാവിനെ അറിയിച്ചു. ഇതു കേട്ട രാജാവ് മൂന്ന് കണ്ടെയ്നര്‍ ഗോതമ്പ് കറാച്ചി തുറമുഖത്ത് നിന്നും കപ്പല്‍ വഴി കൊച്ചിയിലേക്ക് കയറ്റിവിട്ടു. പിന്നാലെ പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തെയും രണ്ടാമതായി അറുപതോളം പേരടങ്ങുന്ന മറ്റൊരും സംഘത്തെയും കേരളത്തിലേക്ക് പറഞ്ഞുവിട്ടു. സമര ഭടന്‍മാര്‍ക്ക് ഭക്ഷണം തയ്യാറാക്കുവാനുള്ളവരായിരുന്നു രണ്ടാമത്തെ സംഘത്തിലധികവും.
ചപ്പാത്തി രുചിച്ച്ദിവസങ്ങള്‍ക്കകം ഗോതമ്പ് കൊച്ചിയിലെത്തി. കേരളമണ്ണില്‍ ആദ്യമായി ഗോതമ്പ് മണികള്‍ അന്ന് വീണു. സിഖ് സംഘത്തിന്റെ വരവിനെക്കുറിച്ച് സത്യാഗ്രഹ നേതാക്കള്‍ക്ക് ഇതിനകം വിവരം ലഭിച്ചിരുന്നു. ഗോതമ്പ് കൊച്ചിയില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ അവര്‍ കൊച്ചിയിലെ ചില വീടുകള്‍ ഏര്‍പ്പാടാക്കിക്കൊടുത്തു. ഈ വീടുകളില്‍ സൂക്ഷിച്ച ഗോതമ്പ് തദ്ദേശീയരായ ജോലിക്കാരുടെ സഹായത്തോടെ ഉണക്കിപ്പൊടിച്ച് ചാക്കുകളിലാക്കി ജലമാര്‍ഗം വൈക്കത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
വൈക്കം മഹാദേവ ക്ഷേത്രത്തിനടുത്തെ സത്യാഗ്രഹപ്പന്തലിന് അടുത്തായി സിഖുകാര്‍ അടുക്കള തുറന്നു. ഗോതമ്പ് പൊടിയില്‍ വെള്ളം ചേര്‍ത്ത് അവര്‍ മാവ് കുഴയ്ക്കുന്ന രീതിയും, മല പോലെ കൂട്ടിയിട്ടിരിക്കുന്ന കൂറ്റന്‍ ഗോതമ്പ് മാവും, മാവുകുഴച്ച് ചപ്പാത്തി പരത്തി ചുടുന്നതുമെല്ലാം കണ്ടുനിന്നവര്‍ക്ക് ഏറെ കൗതുകമായി. സിഖുകാര്‍ കൊണ്ടുവന്ന കടുകെണ്ണ പുരട്ടി ചുട്ട ചപ്പാത്തി മലയാളികള്‍ക്ക് രുചിച്ചില്ലെങ്കിലും ശേഷം കടുകെണ്ണയ്ക്ക് പകരം വെളിച്ചെണ്ണ പുരട്ടാന്‍ തുടങ്ങിയതോടെ ചപ്പാത്തി സത്യാഗ്രഹികള്‍ക്ക് ഇഷ്ടവിഭവമായി. തദ്ദേശീയരായ മലയാളികള്‍ ആദ്യമായി ചപ്പാത്തിയെക്കുറിച്ചറിയുന്നതും ചപ്പാത്തി കാണുന്നതുമെല്ലാം അപ്പോഴായിരുന്നു.വൈക്കത്തേക്ക് പുറപ്പെടും മുന്‍പ് കൊച്ചിയിലെ വീടുകളില്‍ ഗോതമ്പ് പൊടിക്കുമ്പോഴും പഞ്ചാബി സംഘം ചപ്പാത്തിയുണ്ടാക്കി നാട്ടുകാരായ ജോലിക്കാര്‍ക്കും വീട്ടുകാര്‍ക്കും നല്‍കിയിരുന്നു. കേരളക്കരയില്‍ ആദ്യമായി ചപ്പാത്തി ചുട്ട സ്ഥലം കൊച്ചിയും ചപ്പാത്തി രുചിച്ചവര്‍ കൊച്ചിക്കാരുമായിരുന്നുവെന്ന് പറയാം.
ഇന്നു വൈകിട്ട് അഞ്ചിന് രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സിൽ നടക്കുന്ന സമ്മേളനം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.കെ.സുധാകരൻ അധ്യക്ഷനാകും. ലുധിയാനയിൽ നിന്നുള്ള രാജ വീരേന്ദ്ര സിങ് മുഖ്യാതിഥി ആകും. ജോർജ് തഴക്കര വിഷയാവതരണം നടത്തുമെന്നു റെജി പാറപ്പുറത്ത് അറിയിച്ചു.
Read Also: പ്രതിഭയുടെ മിന്നലാട്ടം പകർന്നാടി സഞ്ജു; റൺവേട്ടക്കാരിൽ രണ്ടാമൻ; ബാറ്റിംഗിലും കീപ്പിംഗിലും ഒരുപോലെ കേമൻ; രാഹുലും പന്തും ഏറെ പിന്നിൽ; ഇനി ബാക്കപ്പ് കീപ്പറല്ല, പരിഗണിക്കേണ്ടത് ഫസ്റ്റ് ചോയി സായി; സഞ്ജു ഹീറോ ആണെടാ ഹീറോ