കൊച്ചി: രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി സ്ഥാനാർത്ഥികളും നേതാക്കളും. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എൽപി സ്കൂളിലാണ് വോട്ട് ചെയ്തത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്. രാവിലെ ആറരക്ക് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ൽ ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ടായിരുന്നു.
തോമസ് ഐസക്കും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. 2004 നോട് അടുത്ത വിജയം എൽ ഡി എഫ് നേടുമെന്ന് അദ്ദേഹം പ്രതികരിച്ചു. പത്തനം തിട്ടയിൽ എൽഡിഎഫ് വിജയിക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. ഈ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിൻ്റെ കൂടി വിലയിരുത്തലാകുമെന്നും ഐസക്ക് പറഞ്ഞു.
പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി പറഞ്ഞു. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.