കോഴിക്കോട്: മുസ്ലിം ലീഗിന്റെ പ്രതിഷേധങ്ങൾക്കിടെ സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫിന്റെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് എൽഡിഎഫ് പരസ്യം വീണ്ടും വന്നിരിക്കുന്നത്. നേരത്തേ പരസ്യം വന്നപ്പോൾ ലീഗ് പ്രവർത്തകർ പ്രതിഷേധിക്കുകയും പത്രം കത്തിക്കുകയും ചെയ്തിരുന്നു. കണ്ണൂർ കോഴിക്കോട് എഡീഷനുകളിൽ ഒന്നാം പേജിലും രണ്ടാം പേജിലുമാണ് എൽഡിഎഫ് പരസ്യമുള്ളത്. കണ്ണൂരിൽ രണ്ടാം പേജിൽ എം.വി. ജയരാജന് വോട്ടു ചെയ്യാനും കോഴിക്കോട്ട് കെ.കെ. ശൈലജയ്ക്ക് വോട്ടുചെയ്യാനും ആവശ്യപ്പെട്ടാണ് പരസ്യം വന്നിരിക്കുന്നത്.
”ജനങ്ങളെ സംരക്ഷിക്കേണ്ടവർ വിഷം തുപ്പുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്നും ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.” മുഖ്യമന്ത്രിയുടെ ചിത്രത്തോടു കൂടിയ പരസ്യത്തിലെ വാചകങ്ങൾ ഇങ്ങനെയാണ്. ഉൾപേജിൽ കോൺഗ്രസിന്റെ പരസ്യവുമുണ്ട്. സമസ്ത പത്രത്തിൽ എൽഡിഎഫിന്റെ പരസ്യം വന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു.
ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് സുപ്രഭാതം പത്രം കത്തിച്ചത്. ചില സമസ്ത നേതാക്കളുടെ എൽ.ഡി.എഫ് അനുകൂല പ്രസ്താവന തള്ളി സമസ്ത നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പത്രത്തിലും എൽ.ഡി.എഫ് പരസ്യം വന്നിരിക്കുന്നത്. സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം.