തിരുവനന്തപുരം: അമിതവേഗതയിലോടുന്ന ടിപ്പറുകൾക്കെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ. വേഗപൂട്ടഴിച്ച് ഓടുന്നതും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതും പരിശോധിക്കും. എല്ലാ ആർടിഒ എൻഫോഴ്‌സ്‌മെന്റുകൾക്കും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദേശം നൽകി. അടുത്തിടെ ടിപ്പറുകളുടെ അമിതവേഗം കാരണം സംസ്ഥാനത്ത് നിരവധി അപകടങ്ങളാണ് സംഭവിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ടിപ്പറുകൾക്കെതിരെ നടപടി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർടിഒക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുജില്ലകളിലെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് സംഘങ്ങൾക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ പരിശോധന സംസ്ഥാനത്താകെ നടക്കുകയാണ്.