സിനിമയുടെ ലാഭത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടു. വൻ ഹിറ്റായ ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോജി ആന്റണിയുടെയും 40 കോടി രൂപയുള്ള അക്കൗണ്ട് ആണ് മരവിപ്പിക്കാൻ സബ് കോടതി ജഡ്ജി സുനിൽ വർക്കി ഉത്തരവിട്ടത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ അരൂർ സ്വദേശി സിറാജ് വലിയത്തറ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.
തനിക്ക് 40% ലാഭവിഹിതം വാഗ്ദാനം ചെയ്ത നിർമ്മാതാക്കൾ ലാഭമോ തന്റെ മുതൽമുടക്കം നൽകാതെ തന്നെ കബളിപ്പിച്ചു എന്നാണ് ഹർജിക്കാരന്റെ പരാതി. സിനിമയ്ക്ക് ആകെ നിർമ്മാണ ചെലവ് 22 കോടി രൂപ വരും എന്ന് പറഞ്ഞാണ് തന്റെ പക്കൽ നിന്നും ഏഴ് കോടി രൂപ വാങ്ങിയത്.ചിത്രം ഇതുവരെ ആഗോളതലത്തിൽ 220 കോടി കളക്ഷൻ നേടിയിട്ടുണ്ടെന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് 20 കോടി രൂപ നേടിയെന്നും ഹർജിയിൽ പറയുന്നു. എങ്കിലും തന്റെ പണം തിരികെ ലഭിച്ചില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സിറാജ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
നിർമ്മാതാക്കളായ സൗബിൻ സാഹിർ ബാബു ശാഹിർ എന്നിവർക്ക് ഹർജിന്മേൽ കോടതി നോട്ടീസ് അയച്ചു. മലയാളത്തിൽ മാത്രമല്ല തമിഴ് അടക്കമുള്ള ഭാഷകളിൽ വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിൽ സമീപകാലത്ത് ഇറങ്ങിയതിൽ ഏറ്റവും പണം വാരിയ ചിത്രമാണിത്. ലോകമാകമാനമുള്ള സിനിമ പ്രേമികളുടെ പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് ഇപ്പോൾ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.
Read also: ഒറ്റബോളിൽ രണ്ടുതവണ പുറത്തായി ഋഷഭ് പന്ത് ! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം: