കോഴിക്കോട്: നാദാപുരത്ത് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടര്‍ന്ന് ജീപ്പ് കത്തി നശിച്ച സംഭവത്തില്‍ 16 പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനാണ് കേസ് എടുത്തത്.
ഇന്ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിക്കുമ്പോള്‍ തീപ്പൊരി തെറിച്ച് ജീപ്പിലേക്ക് വീഴുകയായിരുന്നു. ജീപ്പില്‍ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചാണ് ജീപ്പ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം യുഡിഎഫ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് രംഗത്തെത്തിയിട്ടുണ്ട്. ജീപ്പിൽ സ്ഫോടനം നടന്ന ആവടിമുക്ക് യുഡിഎഫിന് ഏറെ സ്വാധീനമുള്ള സ്ഥലമാണെന്നും എൽഡിഎഫ് ആരോപിച്ചു. സ്ഫോടനം നടക്കുന്നതിന് മുൻപ് നാദാപുരം പെരിങ്ങത്തൂർ എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി പ്രകോപനം നടത്തിയതായും എൽഡിഎഫിൻ്റെ പരാതിയിൽ പറയുന്നു. ഇതിന് നിമിഷങ്ങൾക്കകം തന്നെ ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നതായാണ് ആരോപണം.









